ചെന്നൈ: വിദ്വേഷ പ്രസംഗത്തിന് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈയെ പ്രോസിക്യൂട്ട് ചെയ്യാൻ തമിഴ്നാട് ഗവർണർ ആർ.എൻ. രവി അനുമതി നൽകി. സേലം സ്വദേശി പിയൂഷ് മനുഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സേലം ജില്ല കലക്ടർ കേസെടുക്കാൻ അനുമതി തേടിയത്.
സനാതന ധർമ വിവാദത്തിൽ തമിഴ്നാട് ഹിന്ദുമത- ചാരിറ്റബിൾ എൻഡോവ്മെന്റ് മന്ത്രി പി.കെ ശേഖർ ബാബു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് 2023 സെപ്റ്റംബർ 11ന് ചെന്നൈയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെയാണ് അണ്ണാമലൈ വിവാദ പരാമർശം നടത്തിയത്. അണ്ണാദുരൈയെ പോലുള്ളവർ ദൈവങ്ങളെക്കുറിച്ച് മോശമായി പറഞ്ഞാൽ മധുരൈ മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ പാൽ അഭിഷേകത്തിന് പകരം രക്താഭിഷേകം നടത്തുമെന്ന് മുത്തുരാമലിംഗ തേവർ പറഞ്ഞതായി അണ്ണാമലൈ പറഞ്ഞു. എന്നാൽ, അണ്ണാമലൈയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നാണ് ആരോപണം.
വ്യത്യസ്ത ജാതി വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതാണ് അണ്ണാമലൈയുടെ പ്രസ്താവനയെന്നും പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് അണ്ണാ ഡി.എം.കെ ബി.ജെ.പിയുമായി സഖ്യം വേർപ്പെടുത്തിയത്. തനിക്കെതിരെ എത്ര കേസുകളെടുത്താലും തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാൻ ആർക്കുമാവില്ലെന്ന് അണ്ണാമലൈ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.