ചെന്നൈ: കോവിഡിൽ നിന്ന് രക്ഷ നേടാനായി ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ആവി പിടിക്കരുതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ. ആവിയോ മർദമുള്ള വായുവോ ശ്വസിക്കുന്നത് ശ്വാസകോശത്തിന് കേടു വരുത്തുക മാത്രമാണ് ചെയ്യുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആവി പിടിക്കുന്നത് കോവിഡിനെ അകറ്റാൻ സഹായകമാണെന്ന് അവകാശപ്പെട്ടുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ സന്ദേശം പ്രചരിക്കുന്നുണ്ടെന്നും ഇതേത്തുടർന്ന് പലരും ഇത് ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവെ പൊലീസ് ആവി പിടിക്കുന്നതിനായി സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിരവധി നെബുലൈസറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരേ നെബുലൈസർ പലരും ഉപയോഗിക്കുന്നത് വൈറസ് ബാധയേൽക്കാൻ സാധ്യത വർധിപ്പിക്കുമെന്ന് ആരോപിച്ച് ആരോഗ്യ വിദഗ്ധർ ഇതിനെ അപലപിച്ചുകൊണ്ട് രംഗത്തു വന്നു കഴിഞ്ഞു.
ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാൻ ഇത്തരം പ്രവർത്തനങ്ങൾ ഇടയാക്കുമെന്നും അതിനാൽ വിവിധ സംഘടനകളോടും സർക്കാർ ഇതര സംഘടനകളോളും പൊതു ഇടങ്ങളിൽ ഒരിടത്തും ഇത്തരത്തിൽ നെബുലൈസറുകൾ സ്ഥാപിക്കരുതെന്ന് മന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.