ചെന്നൈ: തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ച തമിഴ്നാട് സർക്കാർ ഉത്തരവ് പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചതിന് പിന്നാലെ ഇന്നാണ് ഉത്തരവ് റദ്ദാക്കിയത്. എം.എച്ച്.എയുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് നിലവിൽ 50 ശതമാനം ആളുകളെ മാത്രം കയറ്റി തിയറ്ററുകൾ പ്രവർത്തിക്കാനാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. അതേസമയം, അധിക ഷോ നടത്താനുള്ള അനുവാദമുണ്ട്.
നടൻ വിജയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് പിന്നാലെയായിരുന്നു തിയറ്ററുകൾ പൂർണമായി തുറക്കാമെന്ന് തമിഴ്നാട് സർക്കാർ പ്രഖ്യാപനം വന്നത്. ഇതിനകം പുറത്തിറക്കിയ പകർച്ചവ്യാധി നടപടിക്രമങ്ങൾ പാലിച്ച് സിനിമ തിയറ്ററുകൾ മൾട്ടിപ്ലക്സുകൾ എന്നിവയുടെ ഇരിപ്പിട ശേഷി 100 ആയി വർധിപ്പിക്കാൻ അനുവദിക്കും. കൂടാതെ കാണികളിൽ അവബോധം സൃഷ്ടിക്കുന്നതിന് കോവിഡ് 19 നുള്ള മുൻകരുതൽ നടപടികൾ ഷോടൈമിൽ പ്രദർശിപ്പിക്കും' -തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.
എന്നാൽ, സംസ്ഥാന സർക്കാരിെൻറ തീരുമാനത്തെ വിമർശിച്ച് ഒരു ഡോക്ടർ എഴുതിയ തുറന്ന കത്ത് വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ കേന്ദ്ര സർക്കാർ ഉത്തരവും വന്നതോടെയാണ് തമിഴ്നാട് സർക്കാർ തീരുമാനം മാറ്റിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അൺലോക്ക് മാനദണ്ഡങ്ങൾ പ്രകാരം തിയറ്ററുകളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. കണ്ടൈൻമെന്‍റ് സോണിന് പുറത്ത് മാത്രമേ തിയറ്റർ തുറക്കാവു. ഈ ഉത്തരവ് ജനുവരി 31 വരെ നിലവിലുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല തമിഴ്നാട് സർക്കാറിനെ ഓർമിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.