ന്യൂഡൽഹി: ഇന്ത്യയിലെ മുസ്‍ലിം സുഹൃത്തുക്കൾക്ക് എക്കാലത്തും സമാധനത്തോടെ ജീവിക്കാൻ കഴിയണം എന്നതാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ ലോക പ്രശസ്ത സംഗീത സംവിധായകൻ സുബിൻമേത്തയുടെ പരാമർശം അഭിമുഖത്തിൽനിന്ന് നീക്കി ടൈംസ് ഓഫ് ഇന്ത്യ. ഈ മാസം ആദ്യം പത്രത്തിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ അഭിമുഖത്തിൽനിന്നാണ് പ്രസ്തുത ഭാഗം ഒഴിവാക്കിയത്. സംഭവം വിവാദമാവുകയും സുബിൻ മേത്ത തന്നെ അതിനെതിരെ രംഗത്തുവരികയും ചെയ്തതോടെ അഭിമുഖത്തിന്റെ ഓൺലൈൻ പതിപ്പിൽ ഇത് എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തു.
രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച സുബിൻമേത്തയോട് ‘ഇന്ത്യക്ക് നൽകുവാനുള്ള സന്ദേശം എന്താണ്’ എന്നായിരുന്നു അഭിമുഖകാരൻ ചോദിച്ചത്. ‘ഞാൻ ഒരുപാട് ഇന്ത്യൻ സുഹൃത്തുക്കളോട് സംസാരിക്കാറുണ്ട്. അവരിൽ നിന്ന് എനിക്ക് വിവരങ്ങൾ ലഭിക്കാറുണ്ട്. ഇന്ത്യയിലെ എന്റെ മുസ്‍ലിം സുഹൃത്തുക്കൾക്ക് എന്നെന്നും സമാധാനത്തോടെ ജീവിക്കാൻ കഴിയണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ഇതിന് മേത്തയുടെ മറുപടി. കഴിഞ്ഞ ദിവസം ‘ദി വയറി’ന് വേണ്ടി കരൺ ഥാപ്പർ, സുബിൻ മേത്തയുമായി അഭിമുഖം നടത്തിയപ്പോഴാണ് ടൈംസ് ഓഫ് ഇന്ത്യ തന്റെ ഈ പരാമർശം ഒഴിവാക്കിയ കാര്യം അദ്ദേഹം പറഞ്ഞത്.
“രണ്ടാഴ്ച മുമ്പ് ലോസ് ഏഞ്ചൽസിൽനിന്ന് ഞാൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ഒരു അഭിമുഖം നൽകി. വളരെ നല്ല അഭിമുഖം. ഞാൻ അത് വായിച്ചു, അത് അക്ഷരാർത്ഥത്തിൽ നന്നായിരുന്നു. എന്നാൽ, ‘എന്റെ മുസ്‍ലിം സുഹൃത്തുക്കൾക്ക് എന്നെന്നും സമാധാനത്തോടെ ജീവിക്കാൻ കഴിയണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്ന് ഞാൻ പറഞ്ഞ വാചകം അവർ ഉപേക്ഷിച്ചു. ഈയിടെ അദ്ദേഹത്തെ (അഭിമുഖം നടത്തിയ മാധ്യമപ്രവർത്തകനെ) കണ്ടപ്പോൾ അതേക്കുറിച്ച് ചോദിച്ചിരുന്നു. അദ്ദേഹവും ഇക്കാര്യം സമ്മതിച്ചു. അത് ടൈംസിൽ അച്ചടിച്ചിട്ടില്ല. എന്തുകൊണ്ട് ഒഴിവാക്കിയെന്ന് വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല’ -സുബിൻ മേത്ത കരൺ ഥാപ്പറിനോട് പറഞ്ഞു.
‘ദി വയർ’ ഈ വിഡിയോ അഭിമുഖം ട്വീറ്റ് ചെയ്തതിന് പിന്നാലെ മറുപടി ട്വീറ്റുമായി ടൈംസ് ഓഫ് ഇന്ത്യ രംഗത്തെത്തി. ‘മേത്തയുമായുള്ള അഭിമുഖം ദൈർഘ്യമേറിയതായിരുന്നു. പേജിൽ ഉൾക്കൊള്ളിക്കാൻ കുറച്ച് വെട്ടിച്ചുരുക്കേണ്ടി വന്നു. അദ്ദേഹം പരാമർശിച്ച വരി അഭിമുഖത്തിന്റെ അവസാന ഭാഗത്തായിരുന്നു. എഡിറ്റിങ്ങിനിടെ അത് വിട്ടുപോയി. അതേക്കുറിച്ച് സുബിൻ മേത്ത അഭിമുഖക്കാരനോട് സംസാരിച്ചതിനുപിന്നാലെ അത് ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്’ -ടൈംസ് ഓഫ് ഇന്ത്യവിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.