പയ്യന്നൂർ: മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ബാരിസ്റ്റർ, ഉപയോഗിച്ച മുഴുവൻ വിദേശ വസ്ത്രങ്ങളും ഉപേക്ഷിച്ച് ഇന്ത്യൻ തുണി മാത്രമുപയോഗിച്ച് അൽപവസ്ത്രധാരിയായി മാറിയ തീരുമാനത്തിന് 100 വയസ്സ്. 1920 ആഗസ്റ്റ് 31നെടുത്ത ആ ചരിത്ര തീരുമാനത്തിെൻറ നൂറാം വാർഷിക ദിനമെത്തുന്നത് മലയാളിയുടെ തിരുവോണമായ തിങ്കളാഴ്ച.
കൈകൊണ്ട് നൂറ്റെടുത്ത നൂലുകൊണ്ട് കൈത്തറിയിൽ നെയ്തെടുത്ത തുണി മാത്രമേ ധരിക്കുകയുള്ളൂവെന്ന് ദൃഢപ്രതിജ്ഞയെടുത്ത വിപ്ലവകരമായ സംഭവത്തിനുകൂടിയാണ് തിങ്കളാഴ്ച 100 വർഷം തികയുന്നത്.
രാജ്യത്തെ ലക്ഷക്കണക്കിന് ദരിദ്രനാരായണന്മാർക്ക് ഭക്ഷണവും വസ്ത്രവും പ്രദാനംചെയ്ത ഖാദി എന്ന മഹാപ്രസ്ഥാനത്തിെൻറ ആരംഭം കൂടിയാണ് ഗാന്ധിയുടെ വിദേശ വസ്ത്ര ബഹിഷ്കരണം.
ഇന്ത്യൻ ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയാണ് ഗാന്ധിയെ അൽപവസ്ത്രധാരിയാക്കിയത് എന്നതും ചരിത്രം. ദേശീയ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം പകർന്ന ആ ചരിത്രസംഭവത്തിെൻറ ഓർമപുതുക്കിക്കൊണ്ട് പയ്യന്നൂർ ഫർക്ക ഗ്രാമോദയ ഖാദിസംഘം ഖാദിവസ്ത്രം ഉപയോഗിക്കേണ്ടതിെൻറ ദേശീയവും സാമ്പത്തികവും പ്രകൃതി സൗഹൃദപരവുമായ ആവശ്യങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള യജ്ഞത്തിന് ഓണനാളിൽ തുടക്കം കുറിക്കും.
കൂടുതൽ ജനങ്ങളെ ഖദർധാരികളാക്കുന്നതിനുള്ള 'ഖാദി ചലഞ്ച്' നടത്തുന്നതിനാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഒരുവർഷം നീണ്ടുനിൽക്കുന്ന ഖാദിപ്രചാരണ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അതിജീവനത്തിനായി അശ്രാന്ത പരിശ്രമത്തിലാണ് ലോക ജനതയോടൊപ്പം ഖാദിരംഗത്തുള്ളവരും. എല്ലാ മേഖലകളിലും നേരിട്ട പ്രതിസന്ധി, സ്വതവേ ദുർബലമായ ഖാദി മേഖലയെ പൂർണമായും തകർച്ചയുടെ വക്കിലെത്തിച്ചു.
ഉൽപന്നങ്ങൾ വിപണിയിൽ വിറ്റഴിക്കാൻ കഴിയാതെ വരുമ്പോൾ തൊഴിലാളികൾക്ക് വേതനം ലഭിക്കാതെ വരുന്നു. ഇതാണ് തൊഴിലാളികളെ മുഴുപ്പട്ടിണിയിലേക്ക് തള്ളിവീഴ്ത്തുന്നത്. ഗാന്ധി ഓർമ ഈ തൊഴിലാളികളുടെ പട്ടിണി മാറ്റാൻ കൂടിയായി മാറണമെന്ന് ഖാദി പ്രവർത്തകർ പറയുന്നു. ഗാന്ധിയുടെ സന്ദർശനംകൊണ്ട് പവിത്രമായ പയ്യന്നൂരിൽ പുതിയ ദൗത്യം മറ്റൊരു ചരിത്രമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.