ന്യൂഡൽഹി: ടൂൾ കിറ്റ് വിവാദത്തിൽ കോൺഗ്രസും ബി.ജെ.പിയും പരസ്പരം പോരടിക്കുന്നതിനിടെ അന്വേഷണത്തിൽ പങ്കുചേരാൻ രണ്ടു കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് അയച്ച് ഡൽഹി പൊലീസ്. ബി.ജെ.പി വക്താവ് സംപിത് പത്രക്കെതിരെ പരാതി നൽകിയ രാജീവ് ഗൗഡക്കും രോഹൻ ഗുപ്തക്കുമാണ് നോട്ടീസ് അയച്ചത്. ഇരുവരുടെയും മൊഴി രേഖപ്പെടുത്താനാണ് നോട്ടീസ്.
ഞങ്ങളുടെ പരാതി ഛത്തീസ്ഗഡ് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അവരുമായി സഹകരിച്ചോളാമെന്ന് ഡൽഹി പൊലീസിന് മറുപടി നൽകിയതായും രാജീവ് ഗൗഡ പറഞ്ഞു. സംപിത് പത്ര വ്യാജ ടൂൾ കിറ്റ് പങ്കുവെക്കുകയും കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തുവെന്നായിരുന്നു കോൺഗ്രസിെൻറ പരാതി.
സംപിത് പത്ര ആരോപിച്ച കോൺഗ്രസ് ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് ലഡോ സാരായിലെയും ഗുരുഗ്രാമിലെയും ട്വിറ്റർ ഒാഫിസിലെത്തി പൊലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. വിവരങ്ങൾ ശേഖരിക്കാൻ എത്തിയതെന്നായിരുന്നു വിശദീകരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാൻ കോൺഗ്രസ് ടൂൾ കിറ്റ് ഉപയോഗിച്ചുവെന്ന് സംപിത് പത്ര ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഇതിെൻറ ചിത്രവും പങ്കുവെച്ചു. എന്നാൽ സംപിത് പത്ര ട്വിറ്ററിലൂടെ പങ്കുവെച്ച രേഖകൾക്ക് 'മാനിപുലേറ്റഡ് മീഡിയ' എന്ന ടാഗ് ട്വിറ്റർ നൽകിയിരുന്നു. ഇതിൽ വിശദീരണം തേടുകയായിരുന്നു ഡൽഹി പൊലീസ്. എന്ത് അടിസ്ഥാനത്തിലാണ് സംപിത് പത്ര പങ്കുവെച്ച ചിത്രം തെറ്റാണെന്ന് സൂചിപ്പിക്കുന്നതെന്ന് വിശദമാക്കണമെന്നായിരുന്നു പൊലീസിെൻറ ആവശ്യം.
സംപിത പത്ര പങ്കുവെച്ച രേഖകൾ വ്യാജമായി ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഛത്തീസ്ഗഡ് പൊലീസിനും രാജസ്ഥാൻ പൊലീസിനുമാണ് കോൺഗ്രസ് പരാതി നൽകിയത്. സംപിത് പത്രക്കും മറ്റു മൂന്ന് നേതാക്കൾക്കുമെതിരെയാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.