ന്യൂഡൽഹി: കാലവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗ് പുറത്തുവിട്ട ടൂൾ കിറ്റ് തയാറാക്കുന്നതിന് പിന്നിൽ വിദേശ ബന്ധമുണ്ടോയെന്ന് ഡൽഹി പൊലീസ് പരിശോധിക്കുന്നതായി റിപ്പോർട്ട്. അമേരിക്കൻ പരിസ്ഥിതി പ്രവർത്തകൻ പീറ്റർ ഫെഡറിക്കിന് സംഭവത്തിൽ പങ്കുണ്ടോയെന്നാണ് ഡൽഹി പൊലീസ് പരിശോധിക്കുന്നത്.
ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ദിശ രവി, ആരോപണവിധേയരായ നികിത ജേക്കബ്, ശാന്തനു മുകുൾ എന്നിവർ പീറ്റർ ഫെഡറിക്കുമായി ആശയവിനിമയം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ, ഖലിസ്താനി ആരോപണത്തിനെതിരെ പീറ്റർ ഫെഡറിക് രംഗത്തെത്തി. തന്നെ ഖലിസ്താനിയായി ചിത്രീകരിക്കുന്നത് അപഹാസ്യമാണെന്ന് പീറ്റർ വ്യക്തമാക്കി. സിഖ് നേതാക്കളുമായി താൻ നേരത്തെ ബന്ധപ്പെട്ടിട്ടുണ്ട്. സിഖ് മതത്തിന്‍റെ ഉൽപത്തി അടക്കമുള്ള വിഷയങ്ങളിൽ പുസ്തകം എഴുത്തിയിട്ടുണ്ടെന്നും പീറ്റർ വിവരിക്കുന്നു.
ടൂൾ കിറ്റ് കേസിൽ ബോംബെ ഹൈകോടതി അഭിഭാഷക നികിത ജേക്കബിനും ശന്തനുവിനും എതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് തിങ്കളാഴ്ച പുറപ്പെടുവിച്ചിരുന്നു. ഡൽഹി പൊലീസിന്‍റെ അഭ്യർഥനയിൽ ഡൽഹി ഹൈകോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ടൂൾ കിറ്റ് കേസിൽ 21കാരിയായ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിന് പിന്നാലെയാണ് നികിതക്കെതിരായ ജാമ്യമില്ല അറസ്റ്റ് വാറണ്ട്. നികിതയെയും ശാന്തനുവിനെയും അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് മുംബൈയിൽ എത്തിയിട്ടുണ്ട്.
ദിശ രവി, നികിത ജേക്കബ്, ശാന്തനു മുകുൾ എന്നിവർ ചേർന്നാണ് ടൂൾ കിറ്റ് തയാറാക്കിയതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ശാന്തനുവിന്‍റെ ഇമെയിൽ ഐ.ഡി ഉപയോഗിച്ചാണ് കിറ്റ് തയാറാക്കിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. നികിതയുടെയും ശാന്തനുവിന്‍റെയും വീടുകളിൽ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. നികിതയുടെ വീട്ടിൽ നിന്ന് രണ്ട് ലാപ് ടോപ്പുകളും ഒരു ഐഫോണും പിടിച്ചെടുത്തു. ഇതിൽ ഐഫോണിലെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാമ്പയിന്റെ ഇന്ത്യയിലെ സ്ഥാപക പ്രവർത്തകരിലൊരാളായ ദിശ രവിയെ (21) ബംഗളൂരുവിലെ സൊലദേവനഹള്ളിയിലെ വീട്ടിൽ നിന്ന് ശനിയാഴ്ച രാവിലെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വൈകീട്ട് ആറിനുള്ള വിമാനത്തിൽ ഡൽഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വീറ്റ് ചെയ്ത ടൂൾ കിറ്റുമായി (ഗൂഗ്ൾ ഡോക്യുമെന്റ്) ബന്ധപ്പെട്ട് ഫെബ്രുവരി നാലിനാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്. കേസിലെ ആദ്യത്തെ അറസ്റ്റ് ദിശയുടേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.