ത്രിപുരയിൽ സി.പി.എം റാലിക്കുനേരെ ബി.ജെ.പി അക്രമം; 12 പേർക്ക്​ പരിക്ക്​

അഗർത്തല: ത്രിപുരയിൽ സി.പി.എം റാലിക്കുനേരെ ബി.ജെ.പി പ്രവർതതകർ നടത്തിയ അക്രമത്തിൽ 12 പേർക്ക്​ പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്​. ഇവരെ അഗർത്തല സർക്കാർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പശുക്കടത്ത്​ ആരോപിച്ച്​ മൂന്ന്​ മുസ്​ലിം യുവാക്കളെ തല്ലിക്കൊന്ന ഖൊവായ്​ ജില്ലയി​ലാണ്​ സംഭവം. ആൾക്കൂട്ടക്കൊല നടന്ന സ്​ഥലത്തിനടുത്തുള്ള തെലിയാമുറയിലാണ്​ സി.പി.എം പ്രവർത്തകർ ആക്രമണത്തിനിരയായത്​. പെട്രോൾ വിലവർധന അടക്കമുള്ള കേന്ദ്ര -സംസ്​ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധ റാലിക്കുനേരെ ബി.ജെ.പി പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.



കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച്​ ഗിലതാലി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്​ റാലി നടന്നത്​. പൊലീസ്​ നോക്കിനിൽക്കെ 15 ഓളം ബിജെപി പ്രവർത്തകർ റാലിതടഞ്ഞ്​ തങ്ങളുടെ പ്രവർത്തകരെ വടിയും മറ്റുമുപയോഗിച്ച്​ മർദിക്കുകയായിരുന്നുവെന്ന്​ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്​താവനയിൽ പറഞ്ഞു. സുകുമാർ ദാസ്, ഹരിപദ സർക്കാർ, മോനിന്ദ്ര സർക്കാർ, സി.പി.എം ഖോവായ് ജില്ലാ അംഗം അജയ് ഘോഷ് തുടങ്ങിയവർക്കാണ്​ പരിക്കേറ്റത്​. അതീവ ഗുരുതരമായി പരിക്കേറ്റ മൂന്ന് സി.പി.എം പ്രവർത്തകരെ ഉടൻ തന്നെ എ.ജി.എം.സി ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കു​േമ്പാൾ പൊലീസ്​ കാഴ്​ചക്കാരായി നിൽക്കുകയായിരുന്നുവെന്ന്​ നേതാക്കൾ ആരോപിച്ചു.



സർക്കാർ സംസ്ഥാനത്തൊട്ടാകെ അരാജകത്വം അടിച്ചേൽപ്പിക്കുകയാണെന്ന് സിപിഎം ഖോവയ് ജില്ല കമ്മിറ്റി അംഗം അജയ് ഘോഷ് പറഞ്ഞു. "നിയമവാഴ്ചയില്ല, ജനാധിപത്യമില്ല. റാലികൾ സംഘടിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളെ അനുവദിക്കുന്നില്ല. സാധാരണക്കാർക്കായി ഏതെങ്കിലും പരിപാടി സംഘടിപ്പിക്കുമ്പോഴെല്ലാം ബിജെപിയുടെ പിന്തുണയുള്ള അക്രമികൾ പ്രകോപനമില്ലാത്ത ആക്രമണങ്ങൾ നടത്തുന്നു" -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Tripura: 12 CPI-M workers injured in ‘attack’ by BJP supporters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.