ഉപതെരഞ്ഞെടുപ്പ്: ആപ്പിനും എസ്.പിക്കും തിരിച്ചടി, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹക്ക് ജയം

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ മൂന്ന് ലോക്സഭ സീറ്റുകളിലേക്കും ഏഴ് നിയമസഭ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് പഞ്ചാബിലും സമാജ്വാദി പാർട്ടിക്ക് ഉത്തർപ്രദേശിലും വൻ തിരിച്ചടിയേറ്റു. യു.പിയിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയപ്പോൾ ത്രിപുരയിൽ സി.പി.എമ്മിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി കോൺഗ്രസ് ഒരു സീറ്റ് പിടിച്ചു.

ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയുടെ കോട്ടകളായ അഅ്സംഗഢിലും റാംപുരിലും ബി.ജെ.പി അട്ടിമറി വിജയം നേടി. അഖിലേഷ് യാദവ് എം.എൽ.എ ആയതിനെ തുടർന്ന് ഒഴിവുവന്ന അഅ്സംഗഢിൽ ദിനേശ് ലാൽ യാദവ് (നിർഹുവ) 8679 വോട്ടിന് സമാജ്വാദി പാർട്ടി സ്ഥാനാർഥി ധർമേന്ദ്ര യാദവിനെ തോൽപിച്ചപ്പോൾ അഅ്സംഖാൻ രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന റാംപുരിൽ ഘനശ്യാം സിങ് ലോധി മുഹമ്മദ് അസീം രാജയെ 40,000ലേറെ വോട്ടിനാണ് തോൽപിച്ചത്.

ഡൽഹി രാജേന്ദർ നഗർ നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയിച്ച ആം ആദ്മി പാർട്ടിക്ക് സംഗ്രൂർ ലോക്സഭ മണ്ഡലത്തിൽ ശിരോമണി അകാലിദൾ (അമൃത്സർ) പ്രസിഡന്‍റ് സിമ്രൻജിത് സിങ് മാൻ നേടിയ അട്ടിമറി ജയം നാണക്കേടായി. പഞ്ചാബ് മുഖ്യമന്ത്രിയായതിനെ തുടർന്ന് ഭഗവന്ത് മാൻ ഒഴിഞ്ഞ മണ്ഡലമാണ് സംഗ്രൂർ.

2014ലും 2019ലും മികച്ച ഭൂരിപക്ഷത്തിന് ആം ആദ്മി പാർട്ടി ജയിച്ച മണ്ഡലത്തിൽ ജില്ല പ്രസിഡന്‍റ് ഗുർമയിൽ സിങ് മുൻ എം.പി കൂടിയായ സിമ്രൻജിത് സിങ്മാനോട് 5000ലേറെ വോട്ടിനാണ് തോറ്റത്. അതേസമയം, രാഘവ് ഛദ്ദയെ പഞ്ചാബിൽനിന്ന് രാജ്യസഭാംഗമാക്കിയതിനെ തുടർന്ന് ഒഴിവ് വന്ന രാജേന്ദർ നഗർ ഉപതെരഞ്ഞെടുപ്പിൽ ആപ്പിന്‍റെ ദുർഗേഷ് പഥക് ബി.ജെ.പി സ്ഥാനാർഥി രാജേഷ് ഭാട്ടിയയെ 11,000ലേറെ വോട്ടിന് തോൽപിച്ചു.

ത്രിപുരയിൽ പുതിയ മുഖ്യമന്ത്രി മണിക് സാഹ ടൂൺ ബർദൊവാലി മണ്ഡലത്തിൽനിന്ന് 6000ത്തോളം വോട്ടിന് ജയിച്ചു. ഇടതുകോട്ടയും സിറ്റിങ് സീറ്റുമായ ജുബ് രാജ് നഗറിലെ തോൽവി സി.പി.എമ്മിന് കനത്ത ആഘാതമായി.

4572 വോട്ടുകൾക്ക് ബി.ജെ.പിയുടെ മാലിന ദേബ്നാഥ് ആണ് സി.പി.എമ്മിന്റെ ശൈലേന്ദ്ര ചന്ദ്രനാഥിനെ പരാജയപ്പെടുത്തിയത്. എന്നാൽ, 3000ലേറെ വോട്ട് ഭൂരിപക്ഷത്തിന് ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലെ സുദീപ് റോയ് ബർമൻ അഗർതല സീറ്റ് പിടിച്ചെടുത്തു. ഇവിടെ സി.പി.എം സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി. ഝാർഖണ്ഡിലെ നിയമസഭ സീറ്റ് കോൺഗ്രസ് നിലനിർത്തി. ആന്ധ്രപ്രദേശിലെ ഏക സീറ്റ് വൈ.എസ്.ആർ കോൺഗ്രസ് നേടി.

Tags:    
News Summary - Tripura Chief Minister Manik Saha wins by-election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.