'ത്രിപുര കത്തി എരിയുന്നു എന്ന മൂന്ന് വാക്കുകൾ എഴുതിയതിന്‍റെ പേരിൽ ത്രിപുരയിലെ ബി.ജെ.പി സർക്കാർ എന്‍റെ മേൽ യു.എ.പി.എ ചുമത്തിയിരിക്കുന്നു. ഒരു കാര്യം ആവർത്തിച്ചു പറയട്ടെ, നീതിക്കു വേണ്ടി നിലയുറപ്പിക്കാൻ എനിക്ക് ഒരു മടിയുമില്ല. എന്‍റെ നാട്ടിലെ പ്രധാനമന്ത്രി ഒരുപക്ഷേ ഭയപ്പെടുന്നുണ്ടാകും. പക്ഷേ, ഞങ്ങൾ മാധ്യമപ്രവർത്തകർക്ക് ഭയമില്ല. നിങ്ങളുടെ ജയിലറയെയും ഞാൻ ഭയക്കുന്നില്ല'. ത്രിപുരയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ ശ്യാം മീര സിങ് ട്വിറ്ററിൽ കുറിച്ചതാണീ വാക്കുകൾ.
ശ്യാം അടക്കം 102 പേർക്കെതിരെയാണ് അക്രമത്തെയും അനീതിയെയും എതിർത്തു സംസാരിച്ചതിന്‍റെ പേരിൽ ത്രിപുരയിലെ ബിപ്ലബ് ദേബിന്‍റെ സർക്കാർ യു.എ.പി.എ ചുമത്തി കേസ് എടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴി മനഃപൂർവം വിദ്വേഷം പരത്താൻ ശ്രമിച്ചു എന്നാണ് യു.എ.പി.എ ചുമത്താൻ കാരണമായി ബി.ജെ.പി ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ അടുത്തിടെ ശക്തമായ ന്യൂനപക്ഷങ്ങൾക്കെതിരായ വംശീയ സംഘർഷങ്ങളെ എതിർത്തതിനാണ് നടപടി. ജനാധിപത്യപരമായ പ്രതിഷേധ സമരങ്ങളെ ക്രിമിനൽ വത്കരിച്ച് നടപടിയെടുക്കുന്ന ബി.ജെ.പിയുടെ നയങ്ങളുടെ ഭാഗം തന്നെയാണിത്.
68 ട്വിറ്റർ അക്കൗണ്ടുകൾക്കും 32 ഫേസ്ബുക്ക് ഉപയോക്താക്കൾക്കും രണ്ട് യു ട്യൂബ് അക്കൗണ്ടുകൾക്കും എതിരെയാണ് നിലവിൽ യു.എ.പി.എ ചുമത്തിയിരിക്കുന്നത്. വെസ്റ്റ് അഗർത്തല പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത ആദ്യ കേസുകൾ ഇപ്പോൾ സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഭിഭാഷകരായ അൻസാർ ഇന്ദോരി, മുകേഷ് എന്നിവർക്കെതിരെ പൊലീസ് സമാന വിഷയത്തിൽ യു.എ.പി.എ ചുമത്തി കേസ് എടുത്തിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനകൾ മുസ്ലിംകൾക്കെതിരെ നടത്തിയ അതിക്രമങ്ങളുടെ വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടതിനെ തുടർന്നാണ് അഭിഭാഷകർക്കെതിരെ കേസെടുത്തത്. ഇതിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.
നവംബർ മൂന്നിനാണ് സംഘർഷത്തിനെതിരെ പ്രതികരിച്ച 68 ട്വിറ്റർ അക്കൗണ്ടുകളുടെ വിവരങ്ങൾ കൈമാറണമെന്നും പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് വെസ്റ്റ് അഗർത്തല പൊലീസ് ട്വിറ്ററിനെ സമീപിക്കുന്നത്. സംഭവത്തെ സംബന്ധിച്ച യഥാർഥ വിവരങ്ങളല്ല സമൂഹ മാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചതെന്നും വ്യാജ ചിത്രങ്ങളാണ് അക്രമങ്ങളുടേതെന്ന പേരിൽ ഉപയോഗിച്ചതെന്നുമാണ് പൊലീസിന്‍റെ വാദം.
കേസെടുക്കപ്പെട്ട ട്വിറ്റർ അക്കൗണ്ടുകളിൽ ഭൂരിഭാഗവും മാധ്യമ പ്രവർത്തകരുടേതാണ്. യഥാർഥ വാർത്തകൾ പുറംലോകത്തെ അറിയിക്കാൻ സമൂഹമാധ്യമം ഉപയോഗിച്ചതിനാണ് തങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരിക്കുന്നതെന്ന് മാധ്യപ്രവർത്തകർ പറയുന്നു. അതേസമയം, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്വാഭാവിക നടപടി മാത്രമാണുണ്ടായതെന്നും പൊലീസ് അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ജനറൽ സുബ്രത ചക്രബർത്തി പറയുന്നു.
പ്രതിപക്ഷ കക്ഷികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടന വിരുദ്ധമായ നടപടിയാണ് പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന് സി.പി.എം മുൻ എം.പി ചിതേന്ദ്ര ചൗധരി പറഞ്ഞു. സംസ്ഥാനത്ത് വർഗീയ സംഘർഷം ഉണ്ടായി എന്നതും സംഘ് പരിവാർ ശക്തികളാണ് അതിന് പിന്നിലെന്നതും യാഥാർഥ്യമാണ്. ബി.ജെ.പിയുടെ ഭരണ പരാജയങ്ങൾ മറച്ചുവെക്കാനാണ് ഇത്തരത്തിലുള്ള നടപടികളെന്നും അദ്ദേഹം പ്രതികരിച്ചു.
കൊളോണിയൽ മാനസികാവസ്ഥയാണ് ത്രിപുര പൊലീസിനെ നയിക്കുന്നതെന്ന് ഇൻഡിജനസ് പ്രോഗ്രസിവ് റിജിയനൽ അലയൻസ് നേതാവ് പ്രദ്യോത് ദേബ് ബർമ പറഞ്ഞു. ചിലരുടെ രാഷ്ട്രീയ അജണ്ടകൾക്ക് യോജിക്കാത്ത വാർത്തകൾ പുറത്തുവരുന്നതിന്‍റെ വിഷയമാണിത്. സർക്കാർ കുറച്ചുകൂടി പക്വതയിൽ കാര്യങ്ങൾ നോക്കിക്കാണണമെന്നും അദ്ദേഹം പറഞ്ഞു.
അക്രമത്തിനെതിരെ ശബ്ദമുയർത്തിയതിന് പൊലീസ് നടപടിയെടുത്തിട്ട് ഇതാണ് ഗുജറാത്തി മോഡൽ എന്നാണ് ബി.ജെ.പി പറയുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സുഷ്മിത ദേബ് പരിഹസിച്ചു. വർഗീയ കലാപം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി കേസ് എടുത്ത സംഭവം ഞെട്ടിക്കുന്നതാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.