മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന വിമതൻ ഏക്നാഥ് ഷിൻഡെയുടെ സർക്കാർ വിശ്വാസ വോട്ട് തേടുന്നതിന് മുമ്പ് നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ രാഹുൽ നർവേക്കർക്ക് അനായാസ ജയം. 288 അംഗ സഭയിൽ 164 പേരാണ് രാഹുലിനെ പിന്തുണച്ചത്. തിങ്കളാഴ്ചയാണ് വിശ്വാസ വോട്ട്. ശിവസേന, എൻ.സി.പി, കോൺഗ്രസ് അഘാഡിയയുടെ രാജൻ സാൽവിക്ക് 107 വോട്ടാണ് ലഭിച്ചത്. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറെന്ന ഖ്യാതി 45 കാരനായ രാഹുൽ നർവേക്കറുടെ പേരിലായി. അഭിഭാഷകനായ രാഹുൽ നേരത്തേ ശിവസേനയിലും എൻ.സി.പിയിലും മാധ്യമ വിഭാഗം മേധാവിയായിരുന്നു. തലയെണ്ണിയായിരുന്നു വോട്ടെണ്ണൽ. ജയിലിൽ കഴിയുന്ന രണ്ടു പേരടക്കം എൻ.സി.പിയുടെ ഏഴു പേർ സഭയിലെത്തിയില്ല. സമാജ് പാദി പാർട്ടിയും മജ്ലിസ് പാർട്ടിയും വിട്ടുനിന്നപ്പോൾ ഏക സി.പി.എം എം.എൽ.എ അഘാഡി സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. വിമത എം.എൽ.എമാരുടെ തലയെണ്ണുമ്പോൾ 'ഇഡി ഇഡി' എന്നു വിളിച്ചുപറഞ്ഞ് ഔദ്യോഗിക പക്ഷം പരിഹസിച്ചു. വോട്ടിനു മുമ്പ് ശിവസേന ഔദ്യോഗിക പക്ഷവും വിമത പക്ഷവും വിപ്പ് പുറപ്പെടുവിച്ചിരുന്നു. 55 ൽ 37 ലേറെ പേർ ഒപ്പമുള്ളതിനാൽ തങ്ങളാണ് ഔദ്യോഗിക പക്ഷമെന്ന വാദമാണ് വിമതർ ഉന്നയിച്ചത്. വിമത ശിവസേന എം.എൽ.എമാർ വിപ്പ് ലംഘിച്ചതായി ആരോപിച്ച ഔദ്യോഗിക പക്ഷം സ്പീക്കർക്ക് പരാതിനൽകി. ഷിൻഡെ അടക്കം 16 പേരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസുമായി ബന്ധപ്പെട്ട ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സഭ നടപടികൾ. ഞായറാഴ്ച സഭ തുടങ്ങും മുമ്പ് ശിവസേനയുടെ നിയമസഭ കക്ഷി കാര്യാലയം വിമത പക്ഷം പൂട്ടി സീൽ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.