ന്യൂഡൽഹി: അപകീർത്തിക്കേസിൽ കോടതി രണ്ടുവർഷം ശിക്ഷ വിധിച്ചതിന് പിന്നാലെ മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി. 'സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം. അഹിംസയാണ് അതിലേക്കുള്ള മാർഗം'-രാഹുൽ ട്വീറ്റ് ചെയ്തു.
മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് ജില്ലാ കോടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചത്. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. കഴിഞ്ഞ ആഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്.എച്ച് വർമ കേസിൽ അന്തിമവാദം പൂർത്തിയാക്കിയത്. ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നൽകിയത്.
വിധിക്ക് പിന്നാലെ 10,000 രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്തുകയാണെന്ന് അദ്ദേഹത്തിന്‍റെ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ഭയം മൂലം രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. "എന്‍റെ സഹോദരൻ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. ഇനിയൊരിക്കലും ഭയപ്പെടുകയുമില്ല. അവൻ ഇനിയും സത്യം പറഞ്ഞുകൊണ്ടേയിരിക്കും. സത്യത്തിന്‍റെ ശക്തിയും കോടിക്കണക്കിന് ആളുകളുടെ സ്നേഹവും അവനൊപ്പമുണ്ട്"- പ്രിയങ്ക ഗാന്ധി പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്ക് പുറമേ മറ്റ് പ്രതിപക്ഷ നേതാക്കളും കോടതി വിധിയെ വിമർശിച്ച് രംഗത്തെത്തി. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് എ.എ.പി നേതാവ് കെജ്‌രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.