ന്യൂഡല്‍ഹി: ജമ്മു-കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്കു പുറത്തുള്ള പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച വിവാദ ഭൂപടം ട്വിറ്റർ നീക്കം ചെയ്തു. ട്വീപ്പ് ലൈഫ്' വിഭാഗത്തിലാണ് ജമ്മു-കശ്മീരും ലഡാക്കും ഒഴിവാക്കിയുള്ള ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ടത്. ഇത് ഏറെ വിമർശനങ്ങൾക്ക് വഴിതെളിച്ചതിനെ തുടർന്നാണ് ട്വിറ്റർ അത് സൈറ്റിൽ നിന്ന് നീക്കിയത്.
പുതിയ ഐ.ടി നിയമങ്ങൾ പാലിക്കുന്നതിലെ തർക്കം ഉൾപ്പെടെ കേന്ദ്ര സർക്കാറുമായി ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് ട്വിറ്റർ ഭൂപട വിവാദത്തിലും പെട്ടത്. കേന്ദ്രസര്‍ക്കാറുമായി പോര് കനക്കുന്നതിനിടെ വീണ്ടും വിവാദം സൃഷ്ടിച്ച ട്വിറ്ററിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. വൻ തുക പെനാൽറ്റി ഈടാക്കുകയോ മുതിർന്ന ഉദ്യോഗസ്ഥർക്ക് ഏഴ് വർഷം തടവുശിക്ഷ നൽകുകയോ ഐ.ടി നിയമത്തിന്‍റെ 69 സെക്ഷൻ എ പ്രകാരം നിരോധിക്കൽ വരെയോ ലഭിക്കാവുന്ന കുറ്റകൃത്യമായാണ് ഇത് ചൂണ്ടിക്കാട്ടപ്പെട്ടത്.
നേരത്തെയും ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടം വക്രീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജമ്മു- കശ്മീരിലെ ലേ ചൈനയുടെ ഭാഗമാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. അന്ന് ട്വിറ്റര്‍ സി.ഇ.ഒക്ക് എഴുതിയ കത്തില്‍ ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.