ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്‍റനാഷണലിന്‍റെ (ബി.കെ.ഐ) രണ്ട് പ്രവർത്തകർ ഡൽഹിയിൽ അറസ്റ്റിൽ. ഭുപേന്ദർ എന്ന ദിലാവർ, കുൽവന്ത് സിങ് എന്നിവരെയാണ് പിടികൂടിയതെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറിയിച്ചു.
വടക്ക് പടിഞ്ഞാറ് ഡൽഹിയിൽ നടന്ന വെടിവെപ്പിന് ശേഷമാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.പഞ്ചാബിൽ നിരവധി കേസുകളിൽ പ്രതികാളാണ് ഇവർ. ആറു തോക്കുകളും 40 ബുള്ളറ്റും ഭീകരരിൽ നിന്ന് പിടിച്ചെടുത്തു.
ഖലിസ്താൻ എന്ന പേരിൽ സ്വതന്ത്ര്യ സിഖ് സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും സംഘടിതവുമായ ഭീകര സംഘടനയാണ് ബബ്ബർ ഖൽസ ഇന്‍റനാഷണൽ. സിഖ് നവോഥാന പ്രസ്ഥാനമായ നിരങ്കരി വിഭാഗവുമായി നടന്ന സംഘർഷങ്ങളെ തുടർന്ന് 1978ലാണ് ബബ്ബർ ഖൽസ സ്ഥാപിതമായത്.
1970കളിൽ പഞ്ചാബിൽ അരങ്ങേറിയ സായുധ കലാപത്തിൽ ബബ്ബർ ഖൽസ പങ്കാളികളായിരുന്നു. 1980കളിൽ സജീവമായിരുന്ന സംഘടന 1990കൾക്ക് ശേഷം ക്ഷയിച്ചു. പൊലീസ് നടത്തിയ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സംഘടനയുടെ പ്രധാന നേതാക്കളിൽ പലരും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ കൂടാതെ കാനഡ, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളും ബബ്ബർ ഖൽസയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.