സി.ആർ.പി.എഫിന് ആദ്യ വനിതാ ഐ.ജി; ബിഹാർ സെക്ടർ മേധാവിയായി സീമ ധുണ്ടിയ

ന്യൂഡൽഹി: ഇൻസ്‌പെക്ടർ ജനറൽ സ്ഥാനത്തേക്ക് ആദ്യമായി സ്ഥാനക്കയറ്റം ലഭിച്ച് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിലെ (സി.ആർ.പി.എഫ്) വനിതാ ഉദ്യോഗസ്ഥരായ സീമ ധുണ്ടിയയും ആനി എബ്രഹാമും. സി.ആർ.പി.എഫിന്റെ ബിഹാർ സെക്ടർ മേധാവിയായി ഐ.ജി സീമ ധുണ്ടിയയും ദ്രുത കർമ സേന (ആർ.എ.എഫ്) മേധാവിയായി ഐ.ജി ആനി എബ്രഹാമിനെയും നിയമിക്കും.

1992-ശേഷം ആദ്യമായിട്ടാണ് സി.ആർ.പി.എഫിന്റെ ദ്രുതകർമ സേനയെ ഒരു വനിതാ ഓഫീസർ നയിക്കുന്നത്.

അർദ്ധസൈനിക വിഭാഗങ്ങൾ സ്ത്രീകൾക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നുണ്ട്. കലാപ പ്രദേശങ്ങളിലായാലും തീവ്രവാദത്തെ നേരിടാനായാലും തെരഞ്ഞെടുപ്പായാലും ഞങ്ങൾ പ്രവർത്തിക്കുന്നത് രാജ്യത്തെ ഏറ്റവും ദുഷ്‌കരമായ മേഖലയിലാണ്. ഈ നേട്ടത്തിൽ ഏറെ അഭിമാനമുണ്ടെന്നും ആനി എബ്രഹാം പറഞ്ഞു.

സേനയിൽ 3.1 ശതമാനം സ്ത്രീകളുണ്ട്. ദ്രുത കർമ സേനയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുക. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുക. അതിന് അവരെ സഹായിക്കുക തുടങ്ങിയവയാണ് പുതിയ സ്ഥാനത്തെത്തുമ്പോഴുള്ള ഉത്തരവാദിത്തങ്ങളെന്നും ആനി എബ്രഹാം പറഞ്ഞു.

മുന്നിൽ ഒരുപാട് ജോലികൾ ചെയ്യാനുണ്ട് ഈ നേട്ടം സി.ആർ.പി.എഫിലെ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ളതാണെന്ന് ഐ.ജി സീമ ധുണ്ടിയ പറഞ്ഞു.

ഞങ്ങൾ ചേരുമ്പോൾ ഇതൊരു പുരുഷ മേധാവിത്വമുള്ള സംഘടനയായിരുന്നു. ഞങ്ങളുടെ കഴിവ് തെളിയിക്കാൻ, പുരുഷ സഹപ്രവർത്തകരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇരട്ടി പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട് -ധുണ്ടിയ കൂട്ടിച്ചേർത്തു.

ബിഹാറിൽ നിന്ന് കൂടുതൽ സ്ത്രീകളെ അർധസൈനിക വിഭാഗത്തിൽ ചേരാൻ പ്രോത്സാഹിപ്പിക്കുക, സ്ത്രീകൾക്ക് കൂടുതൽ ജോലി എന്ന ആശയം പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുമെന്ന് ധുണ്ടിയ അറിയിച്ചു.

ലൈബീരിയയിലെ യു.എൻ മിഷനിലെ എഫ്.പി.യു കമാൻഡർ , സേന ഡി.ഐ.ജി, കശ്മീർ ഓപ്പറേഷൻസ് സെക്ടറിൽ ഡി.ഐ.ജി ഒ.പി , സി.ആർ ഡി.ഐ.ജി , വിജിലൻസ് എന്നീ നിലകളിൽ ഐ.ജി ആനി എബ്രഹാം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിശിഷ്‌ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ, അതി ഉത്കൃഷ്‌ത് സേവാ പദക് എന്നിവക്ക് പുറമെ നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങളും ഇരുവർക്കും ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Two CRPF women officers promoted to IG rank for the first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.