കേസ് ഒഴിവാക്കാന്‍ 15 ലക്ഷം കൈക്കൂലി; രണ്ട് ഇ.ഡി ഉദ്യോഗസ്ഥര്‍ കയ്യോടെ പിടിയിൽ -വിഡിയോ

ജയ്പുര്‍: 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. രാജസ്ഥാന്‍ അഴിമതി വിരുദ്ധ വിഭാഗമാണ് (എ.സി.ബി) ഇ.ഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. നോർത്ത് ഇംഫാൽ ഇ.ഡി ഓഫിസറായ നവല്‍ കിഷോര്‍ മീണ, സഹായി ബാബുലാല്‍ മീണ എന്നിവരാണ് പിടിയിലായത്.

ഇടനിലക്കാരന്‍ മുഖേനെയാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. മണിപ്പൂരിലെ ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതും അറസ്റ്റും ഒഴിവാക്കാനുമാണ് പണം ആവശ്യപ്പെട്ടതെന്ന് എ.സി.ബി അധികൃതർ പറഞ്ഞു​. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി കറപ്ഷൻ‌ ബ്യൂറോ നിരവധിയിടങ്ങളിൽ നടത്തിയ റെയ്ഡിനിടെയാണ് ഇവർ പിടിക്കപ്പെട്ടത്.

17 ലക്ഷം രൂപയാണ് ഇവര്‍ ആദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടത്. പിന്നീട് 15 ലക്ഷമായി കുറയ്ക്കുകയായിരുന്നു. തുടർന്ന്​ പരാതിക്കാരൻ രാജസ്ഥാന്‍ അഴിമതി വിരുദ്ധ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ മകന്‍ വൈഭവിനെ കഴിഞ്ഞയാഴ്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു. വിദേശ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസില്‍ ഒമ്പത് മണിക്കൂറാണ് ഇ.ഡി വൈഭവിനെ ചോദ്യം ചെയ്തത്. നവംബര്‍ 25ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഇ.ഡിയുടെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ഗെഹലോട്ട് ആരോപിച്ചിരുന്നു.


Tags:    
News Summary - Rajasthan: Two ED Officers Caught Red-Handed While Taking Bribe Of ₹15 Lakh By ACB In Jaipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.