ശ്രീനഗർ: ജമ്മു കശ്മീരിലെ രണ്ട് ജില്ലകളിൽ സ്വാതന്ത്ര്യ ദിനത്തിന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ 4ജി ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കാൻ നിർദേശം. ജമ്മു കശ്മീരിൽ 4ജി ഇന്‍റർനെറ്റ് പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.
രണ്ട് ജില്ലകളിൽ നിയന്ത്രണവിധേയമായി 4ജി ഇന്‍റർനെറ്റ് ലഭ്യമാക്കിയ ശേഷം സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തും. മൊബൈൽ ഫോണുകളിലും മറ്റും അതിവേഗ ഇന്‍റർനെറ്റ് സൗകര്യം ലഭ്യമാക്കുക നിലവിലെ സുരക്ഷാ സാഹചര്യത്തിന് അനുയോജ്യമല്ലെന്നും സമിതി നിരീക്ഷിച്ചു.
ജമ്മു കശ്മീരിൽ വലിയരീതിയിലുള്ള സുരക്ഷാ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇന്‍റർനെറ്റ് നിയന്ത്രണം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കോ, വിദ്യാഭ്യാസ കാര്യങ്ങൾക്കോ, വ്യാപാരത്തിനോ ഒരു തടസവും സൃഷ്ടിക്കുന്നില്ലെന്നും സമിതി വിലയിരുത്തി.
4ജി ഇന്‍റർനെറ്റ് അനുവദിക്കുന്ന ജില്ലകൾ അതിർത്തിയോട് ചേർന്നുള്ളവയാകരുത്, നിയന്ത്രിതമായി പ്രത്യേക മേഖലകളിൽ ലഭ്യമാക്കണം, തീവ്രവാദ പ്രവർത്തനങ്ങൾ കുറവുള്ള ഇടങ്ങളിൽ ലഭ്യമാക്കണം തുടങ്ങിയ നിർദേശങ്ങളും സമിതി മുന്നോട്ടുവെച്ചു.
4ജി ഇന്‍റർനെറ്റ് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ ഭരണകൂടം അഭിപ്രായം വ്യക്തമാക്കണമെന്ന് കഴിഞ്ഞയാഴ്ച സുപ്രീംകോടതി നിർദേശിച്ചിരുന്നു. 4ജി സേവനം ലഭ്യമാക്കുന്നതിൽ എതിർപ്പില്ലെന്നാണ് ജമ്മു കശ്മീർ ഭരണകൂടം നേരത്തെ ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.