ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ആയുധങ്ങളുമായി രണ്ട് ലഷ്ക്കർ ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ലഷ്ക്കറെ തൊയ്ബ-ദി റസിഡൻസ് ഫ്രണ്ട് പ്രവർത്തകരാണ് തിങ്കളാഴ്ച പിടിയിലായതെന്ന് ശ്രീനഗർ പൊലീസ് പറഞ്ഞു. 15 പിസ്റ്റളുകൾ, 300 റൗണ്ട് വെടിയുണ്ടകൾ, ഗൺ െെസലൻസർ, 30 മാഗസിനുകൾ എന്നിവ ഭീകരിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇന്ത്യൻ കരസേന മേധാവി ജനറൽ മനോജ് പാണ്ഡ രണ്ട് ദിവസത്തെ കശ്മീർ സന്ദർശനം കഴിഞ്ഞ് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഭീകരരുടെ അറസ്റ്റ്.
കശ്മീരിലെ സുരക്ഷ സ്ഥിതി ദിവസം തോറും വഷളാവുകയാണെന്ന് മുൻ മുഖ്യമന്ത്രിയും നാഷ്ണൽ കോൺഫറൻസ് െെവസ് പ്രസിഡന്‍റുമായ ഉമർ അബ്ദുല്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബുദ്ഗാമിലെ ചദൂരയിൽ സർക്കാർ ജീവനക്കാരനായ രാഹുൽ ഭട്ടിനെ തീവ്രവാദികൾ കൊലപ്പെടുത്തിയത് മുതൽ കശ്മീരി പണ്ഡിറ്റുകൾ ജോലി ഉപേക്ഷിച്ച് പലായനം ചെയ്യാൻ ഒരുങ്ങുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയെന്നും അദ്ദേഹം വിമർശിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ രീതിയിലാകുമെന്ന കേന്ദ്ര സർക്കാരിന്‍റെ അവകാശവാദം എന്തായെന്നും അദ്ദേഹം പരിഹസിച്ചു. നേരത്തെ ഭീകരരെ തുടച്ചു നീക്കിയ ശ്രീനഗറും അതിനോട് അടുത്ത പ്രദേശങ്ങളിലും ഭീകരവാദം തിരിച്ചെത്തുകയാണെന്നും കശ്മീർ ജനത സുരക്ഷിതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.