മുംബൈ: വൊഡാഫോൺ പരസ്യത്തിലുണ്ടായിരുന്ന നായയെ ഓർമയില്ലേ? എവിടെ പോയാലും കൂടെ കൂടുന്ന ഓമനയുള്ള നായ. അതുപോലെയുള്ള വൊഡാഫോൺ നായ എന്നറിയപ്പെടുന്ന കാസ്പർ എന്ന പേരിലുള്ള നായയെ ബൈക്കിലെത്തിയ രണ്ടുപേർ മോഷ്ടിച്ചുകൊണ്ടുപോയി. ഗോവണ്ടിയിലെ ബി.പി.ടി കോളനിയിൽ ഉടമസ്ഥൻ ലഷ്മികാന്ത് മിശ്രക്കൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് കാസ്പറെ മോഷ്ടിച്ചത്.
എല്ലാ ദിവസവും പ്രഭാതത്തിലും സായാഹ്നത്തിലും ഇരുവരും നടക്കാനിറങ്ങും. ചൊവ്വാഴ്ച വൈകീട്ട് 7.20 ആയപ്പോൾ സവാരിക്കിറങ്ങിയ ഇരുവരുടെയും അടുത്ത് ഒരു ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ടു. അതിലൊരാൾ ലക്ഷ്മികാന്തിനോട് സംസാരിക്കാൻ തുടങ്ങി. രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നു. ആളുകളോട് എളുപ്പം ചങ്ങാത്തം കൂടുന്ന സ്വഭാവമാണ് കാസ്പറിന്. ബൈക്കിലെത്തിയവരുമായി നായ പെട്ടെന്ന് കൂട്ടുകൂടി. ആരെങ്കിലും തന്റെ കൂടെ വന്നാൽ അവൻ അവർക്കൊപ്പം കളിക്കാനിറങ്ങും. ഒടുവിൽ ബൈക്കിലുള്ളവർ കാസ്പറുമായി കടന്നുകളഞ്ഞു. ലോക്ഡൗൺ കാലത്ത് 15000 രൂപക്കാണ് ലക്ഷ്മികാന്ത് കാസ്പറിനെ വാങ്ങിയത്.
ഉടൻ തന്നെ കാസ്പറിനെ തട്ടിയെടുത്ത കാര്യം ലക്ഷ്മികാന്ത് മകൻ നിലേഷ് കുമാറിനെ അറിയിച്ചു. തുടർന്ന് ഇരുവരും ഗോവണ്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. ബൈക്ക് സഞ്ചരിക്കാൻ സാധ്യതയുള്ള റൂട്ടുകൾ പരിശോധിച്ച് പൊലീസ് ഒടുവിൽ മോഷണ സംഘത്തെ മാങ്കുർദിലെ ലല്ലുബായ് കോംപൗണ്ടിൽ വെച്ച് പിടികൂടി. ആദ്യം ബൈക്കുടമ വിശാൽ മോറിനെയാണ് കിട്ടിയത്. പിന്നീട് സർവാനന്ദ് കത്താനെയെയും അറസ്റ്റ് ചെയ്തു. മോഷ്ടിച്ച നായയെ വിറ്റ് പണം വാങ്ങുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. മോഷണസംഘത്തെ അറസ്റ്റ് ചെയ്ത പൊലീസ്, നായയെ ലക്ഷ്മികാന്ത് മിശ്രക്ക് കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.