രാമക്ഷേത്രം ഉദ്ഘാടനത്തിനുപിന്നാലെ ‘ഗോധ്ര’ പോലെയുള്ള സംഭവങ്ങളുണ്ടാകാൻ സാധ്യതയെന്ന് ഉദ്ധവ് താക്കറെ

മുംബൈ: അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനത്തിനുപിന്നാലെ ‘ഗോധ്ര’ പോലെയുള്ള സംഭവങ്ങളുണ്ടാകാൻ സാധ്യതയു​ണ്ടെന്ന് അഭിപ്രായപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ക്ഷേത്ര ഉദ്ഘാടനത്തിനെത്തുന്ന വൻ ജനക്കൂട്ടം തിരിച്ചുപോകുന്ന യാത്രയിലായിരിക്കും അത്തരം സംഭവങ്ങൾ ഉണ്ടാവുകയെന്നും ഉദ്ധവ് പറഞ്ഞു. 2002 ഫെബ്രുവരി 27ന് അയോധ്യയിൽനിന്ന് കർസേവകർ മടങ്ങിപ്പോകുകയായിരുന്ന സബർമതി എക്സ്‍പ്രസ് ട്രെയിൻ കോച്ചിന് തീവെച്ചതും തുടർന്ന് സംസ്ഥാനത്തുടനീളം വൻതോതിൽ കലാപങ്ങളുമുണ്ടായതും ചൂണ്ടിക്കാട്ടിയാണ് ഉദ്ധവ് ഇങ്ങനെ പറഞ്ഞത്.

‘രാമക്ഷേത്രം ഉദ്ഘാടനത്തിന് സർക്കാർ ഒരു​പാടുപേരെ ക്ഷണിക്കാൻ സാധ്യതയുണ്ട്. ബസിലും ട്രക്കിലു​മായൊക്കെ അയോധ്യയിലെത്തുന്ന ജനം തിരിച്ചുപോകുമ്പോൾ ഗോധ്ര പോലൊരു സംഭവം ഉണ്ടായേക്കാം’ -മുംബൈയിൽനിന്ന് 400 കി.മീ അകലെ ജൽഗാവിൽ നടന്ന പരിപാടിയിൽ സംഘ്പരിവാറിനുനേരെ ഉദ്ധവ് ഒളിയമ്പെയ്തു. 2024 ജനുവരിയിലായിരിക്കും രാമക്ഷേത്രത്തിന്റെ ഉദ്ഘാടനമെന്നാണ് കരുതപ്പെടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ക്ഷേത്രം ഉദ്ഘാടനം നടത്താനാണ് ബി.ജെ.പിയുടെ നീക്കമെന്നാണ് സൂചന.

സ്വന്തമായി ഉയർത്തിക്കാട്ടാൻ മാതൃകാ നേതാക്കന്മാരില്ലാത്ത ബി.ജെ.പിയും ആർ.എസ്.എസും മഹാന്മാരായ സർദാർ പട്ടേലിനെയും സുഭാഷ് ച​ന്ദ്ര ബോസിനെയുമൊക്കെ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും ഉദ്ധവ് പരിഹസിച്ചു. എന്റെ പിതാവ് ബാൽതാക്കറെയുടെ പാരമ്പര്യത്തിന് മേലും അവർ അവകാശമുന്നയിക്കുന്നു. സർദാർ പട്ടേലിന്റെ പേരിലുള്ള ഒരു കൂറ്റൻ പ്രതിമ ഉണ്ടാക്കിയതല്ലാതെ തങ്ങളുടേതായ ഒരു സംഭാവനയും ഈ രാജ്യത്തിന് നൽകാത്തവരാണ് ബി.ജെ.പിയും ആർ.എസ്.എസും. ആ പ്രതിമയല്ലാതെ പട്ടേലിന്റെ നേട്ടങ്ങളെക്കുറിച്ചൊന്നും അവർ ചിന്തിക്കുന്നുമില്ല. ഇക്കൂട്ടർ പട്ടേലിന്റെ മഹത്വത്തിന് തൊട്ടടുത്തു പോലും എത്തുന്നവരല്ല.

ബി.ജെ.പി ചരടുവലിച്ച് ശിവസേന പിളർത്തിയതിൽപിന്നെ കടുത്ത ആക്രമണമാണ് അവർക്കെതിരെ ഉദ്ധവ് നടത്തുന്നത്. കോൺഗ്രസ്, എൻ.സി.പി പാർട്ടികൾക്കൊപ്പം ചേർന്ന് മുഖ്യമന്ത്രിയാകാൻ ബാൽതാക്കറെയുടെ മൂല്യങ്ങളെല്ലാം ഉദ്ധവ് ബലികഴിച്ചെന്നാണ് ബി.ജെ.പി ഉയർത്തുന്ന ആരോപണം.

Tags:    
News Summary - Uddhav Thackeray Warns Of Potential Godhra-Like Situation After Ram Temple's Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.