മുംബൈ: ശിവസേന വിമതർ പുതിയ സംഘത്തിന് 'ശിവസേന ബാലസാഹെബ് താക്കറെ' എന്ന് പേരിട്ടുവെന്ന വാദത്തിനെതിരെ അതിരൂക്ഷമായി പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിങ്ങളുടെ സംഘത്തിന് എന്റെ അച്ഛന്റെ പേരിടേണ്ടെന്നും വേണമെങ്കിൽ നിങ്ങളുടെ അച്ഛന്റെ പേരിട്ട് തെരഞ്ഞെടുപ്പ് ജയിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
വിമത സംഘത്തിലെ എം.എൽ.എ ദീപക് കസേക്കറാണ് 'ശിവസേന ബാലസാഹെബ് താക്കറെ' എന്ന പേര് ആദ്യം പറഞ്ഞത്. തൊട്ടുപിന്നാലെ അത് വിഴുങ്ങി. തങ്ങൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെന്നും ശിവസേനയുടെ പ്രത്യേക 'ബ്ലോക്കാ'യി നിൽക്കുമെന്നുമാണ് തിരുത്ത്. പാർട്ടിയേയോ മുഖ്യമന്ത്രിയേയോ കൈവിട്ടിട്ടില്ലെന്നും വിമതർ പറഞ്ഞു. എന്നാൽ, ശിവസേനയുടെ പൂർണ അധികാരം ഉദ്ധവിനാണെന്നും സേനയുടെയും ബാൽ താക്കറെയുടെയും പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ടും പാർട്ടി ദേശീയ നിർവാഹക സമിതി പ്രമേയം പാസാക്കി.
മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാറിനെ പ്രതിസന്ധിയിലാക്കിയ മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുളള ശിവസേന വിമതർക്ക് സ്പീക്കറുടെ നോട്ടീസ്. അയോഗ്യരാക്കാതിരിക്കാൻ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് കാരണം ബോധിപ്പിക്കാനാണ് നിർദേശം. ഔദ്യോഗിക പക്ഷം പരാതി നൽകിയ 16 എം.എൽ.എമാർക്കാണ് നോട്ടീസ്. ഇതോടെ നിയമക്കുരുക്കിലായ വിമതപക്ഷം ഗുവാഹതിയിലെ ഹോട്ടലിൽ തുടരുകയാണ്.
വെള്ളിയാഴ്ച അർധരാത്രിക്ക് ശേഷം ഏക്നാഥ് ഷിൻഡെ ചാർട്ടേഡ് വിമാനത്തിൽ ഗുജറാത്തിലെ ബറോഡയിലെത്തി കേന്ദ്രമന്ത്രി അമിത് ഷാ, മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ കണ്ടതായി സൂചനയുണ്ട്. നിയമക്കുരുക്കുകൾ പരിഹരിക്കാനാണ് അമിത് ഷാ നിർദേശം നൽകിയതെന്നാണ് വാർത്ത. ഗുവാഹതി ഹോട്ടലിലെ താമസം വിമതർ രണ്ട് ദിവസത്തേക്കുകൂടി നീട്ടി. അതേസമയം, അമിത് ഷായുമായുള്ള കൂടിക്കാഴ്ച മഹാരാഷ്ട്ര ബി.ജെ.പി നിഷേധിച്ചു.
നാന പടോളെ സ്പീക്കർ സ്ഥാനം രാജിവെച്ചതുമുതൽ ഡെപ്യൂട്ടി സ്പീക്കർ എൻ.സി.പിയിലെ നർഹരി സിർവലാണ് ചുമതല വഹിക്കുന്നത്. ഇദ്ദേഹത്തിനെതിരെ വിമത ക്യാമ്പിലുള്ള സ്വതന്ത്രർ അയച്ച അവിശ്വാസ നോട്ടീസ് തള്ളി.
വിമതർക്കെതിരെ മുംബൈ, പുണെ, നാഗ്പുർ, താണെ തുടങ്ങി പലയിടങ്ങളിലും ശിവസൈനികർ തെരുവിലിറങ്ങി. ഇതോടെ മുംബൈ, താണെ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഷിൻഡെയുടെ മകനും എം.പിയുമായ ശ്രീകാന്തിന്റെ ഓഫിസും ശിവസൈനികർ ആക്രമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.