ന്യൂഡൽഹി: ഭരണകക്ഷിയായ ബി.ജെ.പിയുടെ രണ്ടു പ്രമുഖ നേതാക്കൾ നടത്തിയ പ്രവാചകനിന്ദയെ അപലപിച്ച് കൂടുതൽ രാജ്യങ്ങൾ രംഗത്തുവന്നിരിക്കെ, ആ വികാരം പങ്കുവെച്ച് ഐക്യരാഷ്ട്ര സഭ. പ്രവാചകനിന്ദ സംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടുവെന്നും എല്ലാ മതങ്ങളോടും ആദരവും സഹിഷ്ണുതയും കാട്ടുന്നതിനെ യു.എൻ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുവെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ദുജാറിക് പറഞ്ഞു. പ്രവാചകനിന്ദയെ ഇതിനകം നിരവധി രാജ്യങ്ങളാണ് അപലപിച്ചത്. സൗദി അറേബ്യ, യു.എ.ഇ, ജോർഡൻ, ബഹ്റൈൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ, മാലദ്വീപ്, ഇന്തോനേഷ്യ, കുവൈത്ത്, ഖത്തർ, ഇറാൻ, ഒമാൻ, ഇറാഖ്, ലിബിയ എന്നിവ ഇക്കൂട്ടത്തിൽപെടുന്നു. ഇസ്‍ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സിയും ഈജിപ്ത് കേന്ദ്രമായുള്ള അറബ് പാർലമെന്റും പ്രവാചകനിന്ദയെ അപലപിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, മോദിസർക്കാറിന്റെ ഭാഗത്തുനിന്ന് കുറ്റക്കാർക്കെതിരെ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. നൂപുർ ശർമ, നവീൻകുമാർ ജിൻഡാൽ എന്നിവർക്കെതിരെ പാർട്ടിതല അച്ചടക്ക നടപടി സ്വീകരിച്ചതായി ബി.ജെ.പി പ്രഖ്യാപിക്കുകയാണ് ചെയ്തത്. പ്രതിപക്ഷ സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ നൂപുർ ശർമക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പൊലീസ് നിയമനടപടി സ്വീകരിച്ചിട്ടില്ല. വധഭീഷണിയുണ്ടെന്ന നൂപുർ ശർമയുടെ പരാതി മുൻനിർത്തി ഡൽഹി പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. മേയ് 28ന് നൽകിയ പരാതി പ്രകാരം ക്രിമിനൽ പീഡനം, ഭീഷണി തുടങ്ങിയ കുറ്റങ്ങൾ മുൻനിർത്തിയാണ് 'അജ്ഞാതർ'ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സമൂഹ ഇടങ്ങളിലെ ഭീഷണി മുൻനിർത്തി ട്വിറ്ററിനും നോട്ടീസ് നൽകിയിട്ടുണ്ട്.

താണെ ജില്ലയിലെ മുംബ്ര പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നൂപുർ ശർമക്കെതിരെ കേസെടുത്തത്. കേസിൽ മൊഴിയെടുക്കാൻ ഈ മാസം 22ന് ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഇ-മെയിലിലും സ്പീഡ് പോസ്റ്റിലും സമൻസ് നൽകിയിട്ടുണ്ട്. പ്രവാചകനിന്ദയുടെ തെളിവായ വിഡിയോ ക്ലിപ് നൽകാൻ ടൈംസ് നൗ ടി.വി ചാനലിനോടും ആവശ്യപ്പെട്ടു. ചാനൽ ചർച്ചക്കിടെയായിരുന്നു നൂപുർ ശർമയുടെ പരാമർശങ്ങൾ.

Tags:    
News Summary - UN joins global outrage over remarks on Prophet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.