47 വർഷം മുമ്പ് ഇന്ദിര ഗാന്ധി അമ്മാവന് ചീഫ് ജസ്റ്റിസ് പദവി നിഷേധിച്ചു; ഇന്ന് അതേ കസേരയിൽ സഞ്ജീവ് ഖന്ന

ന്യൂഡൽഹി: ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേൽക്കുമ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന് അതൊരു മധുര പ്രതികാരം കൂടിയാണ്. 47 വർഷം അമ്മാവൻ ജസ്റ്റിസ് ഹൻസ് രാജ് ഖന്നക്ക് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നിഷേധിച്ച കസേരയിലാണ് ഇന്ന് അനന്തരവൻ അഭിമാനത്തോടെ ഇരിക്കുന്നത്. അടിയന്തരവസ്ഥ കാലത്തെ വിധിയാണ് അന്ന് എച്ച്.ആർ. ഖന്നക്ക് തിരിച്ചടിയായത്.

അന്യായമായി തടങ്കലിൽ വയ്ക്കുന്നതിനെതിരെ രാജ്യത്തെ പൗരന്റെ അവകാശം സർക്കാരിന് റദ്ദു ചെയ്യാമെന്ന എ.ഡി.എം ജബൽപുർ കേസിലെ ഭൂരിപക്ഷ വിധിയെ എതിർത്ത ഏക ജഡ്ജിയായിരുന്നു ജസ്റ്റിസ് എച്ച്. ആർ ഖന്ന. ചീഫ് ജസ്റ്റിസ് എ.എൻ. റേ നേതൃത്വം നൽകിയ ബെഞ്ചിൽ ഡി.വൈ ചന്ദ്രചൂഡിന്റെ അച്ഛൻ വൈ.വി. ചന്ദ്രചൂഡും ഉൾപ്പെട്ടിരുന്നു. വിയോജനക്കുറിപ്പെഴുതിയ ജസ്റ്റിസ് ഖന്നയുടെ സീനിയോറിറ്റി മറികടന്ന് ജൂനിയറായ എം.എച്ച്. ബെയ്ഗിനെ ഇന്ദിരാഗാന്ധി ചീഫ് ജസ്റ്റിസായി നിയമിച്ചു. അതിനു പിന്നാലെ എച്ച്.ആർ. ഖന്ന രാജിവെക്കുകയും ചെയ്തു.

രാജിവെച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ജനത പാർട്ടിയുടെ വാഗ്ദാനം അദ്ദേഹം നിരസിച്ചു. 1977ൽ ഇന്ദിരാഗാന്ധി പരാജയപ്പെട്ടപ്പോൾ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന സമിതിയുടെ തലവനായി ഖന്നയെ ജനത പാർട്ടി പരിഗണിച്ചുവെങ്കിലും അദ്ദേഹം നിരസിച്ചു. 1979ൽ ചരൺ സിങ് സർക്കാർ ഖന്നയെ കേന്ദ്രമന്ത്രിയായി നിയമിച്ചു. എന്നാൽ മൂന്നുദിവസത്തിനുള്ളിൽ അദ്ദേഹം രാജിവെച്ചു. 1982ൽ പ്രതിപക്ഷ പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാർഥിയായി മത്സരിച്ചു. സെയിൽ സിങ്ങിനോട് പരാജയപ്പെട്ടു.

1912ൽ ജനിച്ച രാജ് ഖന്ന അമൃത്സറിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. ജില്ലാ, സെഷൻസ് ജഡ്ജിയായി നിയമിക്കപ്പെട്ട അദ്ദേഹത്തെ 1952ൽ ഡൽഹി, പഞ്ചാബ് ഹൈകോടതികളിൽ ജഡ്ജിയായി നിയമിച്ചു. 1971ൽ സുപ്രീംകോടതി ജഡ്ജിയായി. 1977ൽ ചീഫ് ജസ്റ്റിസ് പദവിയിലിരിക്കേണ്ടിയിരുന്നതാ​യിരുന്നുവെങ്കിലും വിധി മറ്റൊന്നായിരുന്നു. ഇന്ത്യയുടെ നിയമചരിത്രത്തിലെ നാഴികക്കല്ലായി മാറിയ കേശവാനന്ദഭാരതി കേസിൽ വിധി പറഞ്ഞതും രാജ് ഖന്നയടങ്ങിയ ബെഞ്ചായിരുന്നു.1999ൽ പത്മഭൂഷൺ നൽകി ഖന്നയെ ആദരിച്ചു. 2008ൽ അദ്ദേഹം അന്തരിച്ചു.

ഇന്ത്യയുടെ 51ാം ചീഫ് ജസ്റ്റിസായാണ് സഞ്ജീവ് ഖന്ന ഇന്ന് ചുമതലയേറ്റത്. 2025 മേയ് 13ന് വരെയാണ് കാലാവധി. സഞ്ജീവ് ഖന്നയുടെ പിതാവ് ജസ്റ്റിസ് ദേവ് ഖന്ന ഡൽഹി ഹൈകോടതി ജഡ്ജിയായിരുന്നു. അമ്മ സരോജ ഖന്ന പ്രഫസറും. മകൻ ചാർട്ടേഡ് അക്കൗണ്ടന്റായി കാണാനാണ് ഇരുവരും ആഗ്രഹിച്ചത്. എന്നാൽ അമ്മാവന്റെ പാത പിന്തുടരനായിരുന്നു സഞ്ജീവ് ഖന്നയുടെ ആഗ്രഹം.

Tags:    
News Summary - Uncle who took on Indira Gandhi was denied top post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.