ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി ഇനി മുൻകൂറായി 'കോവിൻ' പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
മുൻകൂർ രജിസ്റ്റർ ചെയ്യുകയും സമയം നിശ്ചയിക്കുകയും ചെയ്യാതെ തന്നെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇനി വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പെടുക്കാം. വാക്സിനേറ്റർ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് തത്സമയം രജിസ്റ്റർ ചെയ്യുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഇത്തരത്തിലുള്ള കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനെ ' വാക്ക് ഇൻ' രജിസ്‌ട്രേഷൻ എന്ന പേരിലാണ് കണക്കാകുക.
ഗ്രാമമേഖലകളിലും മറ്റും കൂടുതൽ വാക്‌സിൻ കേന്ദ്രങ്ങൾ ജനങ്ങൾക്ക് നേരിട്ട് അവിടെയെത്തി വാക്‌സിനെടുക്കാം. കൂടാതെ 1075 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചും കോവിഡ് വാക്‌സിന് രജിസ്റ്റർ ചെയ്യാം. രാജ്യത്തെ ഗ്രാമീണ മേഖലകളിലടക്കം വാക്സിനേഷൻ യജ്ഞത്തിന് വേഗത പോരെന്ന ആക്ഷേപം മറികടക്കാനാണ് ഇൗ നീക്കം വഴി കേന്ദ്രം ലക്ഷ്യമിടുന്നത്.
നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനം ആളുകളെ വാക്സിനേഷന് വിധേയമാക്കിയിട്ടുണ്ട്. 11 ശതമാനം ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു. വാക്‌സിൻ നയം ഏറെ വിമർശനങ്ങൾക്ക് വിധേയമായതിന് പിന്നാലെ ഇൗ വർഷം അവസാനത്തോടെ രാജ്യത്തെ 108 കോടിയാളുകളെയും വാക്സിനേഷന് വിധേയമാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.