ന്യൂഡൽഹി: അടുത്തവർഷം ആദ്യപാദത്തോടെ കോവിഡ് പ്രതിരോധ വാക്സിൻ പുറത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. വാക്സിൻ പുറത്തിറക്കുന്നതിെൻറ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും സൺഡേ സംവാദ് സാമൂഹിക മാധ്യമ സംവാദ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ഓക്സ്ഫഡ് സർവകലാശാലയും മരുന്ന് നിർമാണ കമ്പനിയായ ആസ്ട്രസെനകയും ചേർന്ന് നിർമിച്ച കോവിഡ് വാക്സിെൻറ പരീക്ഷണം ബ്രിട്ടീഷ് അധികൃതരിൽനിന്ന് അനുമതി ലഭിച്ചതോടെ പുനഃരാരംഭിച്ചതായി ആസ്ട്രസെനക വ്യക്തമാക്കിയതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. വാക്സിൻ പരീക്ഷിച്ച ഒരാളിൽ അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്ന് നേരത്തേ വാക്സിൻ പരീക്ഷണം നിർത്തിവെച്ചിരുന്നു. ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ കാരണം കാണിക്കൽ നോട്ടീസ് അയച്ചതിനെ തുടർന്ന് ഇന്ത്യയിൽ വാക്സിൻ പരീക്ഷണത്തിന് നേതൃത്വം നൽകുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണം നിർത്തിവെച്ചിരുന്നു.
എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച ശേഷം മാത്രമേ വാക്സിൻ മനുഷ്യരിൽ പരീക്ഷണം നടത്തുവെന്ന് മന്ത്രി ഉറപ്പുനൽകി. വാക്സിൻ സുരക്ഷ, ചെലവ്, ആവശ്യകത എന്നീ പ്രശ്നങ്ങൾ കാര്യമായി ചർച്ച ചെയ്തുവരുന്നതായും മന്ത്രി അറിയിച്ചു.
വാക്സിൻ തയാറായി കഴിഞ്ഞാൽ ആവശ്യകത അനുസരിച്ച് മുൻഗണന ക്രമം അനുസരിച്ചായിരിക്കും വിതരണം. വാക്സിെൻറ ആദ്യ ഡോസ് സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.