ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികളെ സ്വന്തം മക്കളായി പരിപാലിച്ചതിന് റുമേനിയക്ക് നന്ദി അറിയിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
യുക്രെയ്നിൽ റഷ്യൻ അധിനിവേഷം ആരംഭിച്ചതിന് പിന്നാലെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യൻ പൗരൻമാരെ റുമേനിയ, പോളണ്ട് എന്നീ രാജ്യങ്ങളിലൂടെയാണ് തിരികെയെത്തിച്ചത്. രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി നാല് കേന്ദ്രമന്ത്രിമാരെ യുക്രെയ്നിന്‍റെ അയൽ രാജ്യങ്ങളിലേക്ക് നിയോഗിച്ചിരുന്നു. രക്ഷാദൗത്യം ഏകോപിപ്പിക്കാനായി സിന്ധ്യയെ റുമേനിയയിലേക്കാണ് അയച്ചത്.
പരീക്ഷണ ഘട്ടങ്ങളിൽ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ഒന്നും അസാധ്യമായിരിക്കില്ലെന്ന് സിന്ധ്യ ട്വീറ്റ് ചെയ്തു. ഇന്ത്യൻ ഭക്ഷണം പാകം ചെയ്യാൻ വിദ്യാർഥികളെ പഠിപ്പിക്കുന്ന അമേരിക്കൻ ഷെഫിന്‍റെയും, ഇന്ത്യൻ വിദ്യാർഥികൾക്ക് മുഴുവൻ സമയ സുരക്ഷ ഏർപ്പെടുത്തിയ റുമേനിയൻ പൊലീസ് സേനയെയും സിന്ധ്യ തന്‍റെ ട്വീറ്റിലൂടെ പ്രശംസിച്ചു.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 63 വിമാനങ്ങളിലായി ഇതുവരെ 13,300 ഇന്ത്യക്കാർ യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയതായാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.