ന്യൂഡൽഹി: രാജ്യത്ത് ജയിലുകളിലും തടങ്കൽ കേന്ദ്രങ്ങളിലും അന്യായ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന രോഹിങ്ക്യൻ അഭയാർഥികളെ വിട്ടയക്കണമെന്ന ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, ചെറിൽ ഡിസൂസ എന്നിവർ മുഖേന പ്രിയാലി സർ എന്ന മൾട്ടിമീഡിയ ജേണലിസ്റ്റ് സമർപ്പിച്ച ഹരജി ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പി.കെ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് നാലാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര കോടതിയും വംശഹത്യയായും മാനവികതക്കെതിരായ കുറ്റകൃത്യമായും വിശേഷിപ്പിച്ച ഒരു സാഹചര്യത്തെ തുടർന്നാണ് മ്യാന്മറിൽ നിന്നുള്ള രോഹിങ്ക്യൻ അഭയാർഥികൾക്ക് രാജ്യം വിടേണ്ടി വന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ വളർന്നു വരുന്ന മുസ്‍ലിംകളോടും അഭയാർഥികളോടുമുള്ള വിദ്വേഷം മൂലം തടങ്കലിലാക്കുകയോ തിരികെ മ്യാന്മറിലേക്ക് കയറ്റിവിടുകയോ ചെയ്യുമെന്ന ഭീതിയിലാണ് ഈ അഭയാർഥികൾ . വേട്ടയാടലും വിവേചനവും നേരിട്ട് ഇന്ത്യയിൽ എത്തിച്ചേർന്നവരെ നിയമവിരുദ്ധ കുടിയേറ്റക്കാർ എന്ന് വിശേഷിപ്പിച്ച് മനുഷ്യത്വവിരുദ്ധമായി കൈകാര്യം ചെയ്യുന്നതിനെയും നിയന്ത്രണങ്ങളേർപ്പെടുത്തുന്നതിനെയും ഹരജിക്കാരൻ ചോദ്യം ചെയ്തു.
രോഹിങ്ക്യകളെ തടങ്കലിൽ ഇട്ടിരിക്കുന്നത് ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി. ഭരണഘടനയുടെ 14ഉം 21ഉം അനുഛേദങ്ങൾ പൗരന്മാരോ അല്ലാത്തവരോട ആയ ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരുടെയും മൗലികാവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്. 1946ലെ വിദേശ നിയമപ്രകാരംനിയമവിരുദ്ധ കുടിയേറ്റക്കാരെന്ന് ആരോപിച്ച് രോഹിങ്ക്യകളെ നിയമവിരുദ്ധ തടങ്കലിൽ വെക്കാനാവില്ലെന്ന് ഹരജിയിൽ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.