ലഖ്നോ: യു.പിയിൽ നിർബന്ധിത മതംമാറ്റത്തിനെതിരെ കടുത്ത ശിക്ഷ നൽകാവുന്ന തരത്തിൽ പുതിയ ഓർഡിനൻസ്. 10 വർഷം വരെ തടവും 50,000 രൂപ പിഴയും ശിക്ഷയാണ് പുതിയ ഓർഡിനൻസിൽ ഉൾക്കൊള്ളിച്ചത്. നിർബന്ധിത മതപരിവർത്തനത്തിന് ഇരയായവർക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും യു.പി മന്ത്രി സിദ്ധാർത്ഥ് നാഥ് സിങ് അറിയിച്ചു.
ലൗ ജിഹാദ് തടയാനെന്ന പേരിലാണ് മന്ത്രിസഭ ഒാർഡിനൻസ് പാസാക്കിയത്. വിവാഹത്തിനുവേണ്ടി പ്രലോഭിപ്പിച്ചും സമ്മര്‍ദം ചെലുത്തിയും മതംമാറ്റുന്നത് ഇതുപ്രകാരം കുറ്റകരമാകും. മതം മാറി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ രണ്ടുമാസം മുമ്പ് ജില്ലാ മജിസ്ട്രേറ്റിൽനിന്ന് അനുമതി വാങ്ങണമെന്നും നിയമത്തെ കുറിച്ച് വിശദീകരിക്കവെ മന്ത്രി വ്യക്തമാക്കി.
വ്യത്യസ്ത മതത്തിലുള്ളവർ വിവാഹം കഴിക്കുന്നത് തടയാനാവില്ലെന്നും ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ടെന്നും ഇന്ന് അലഹബാദ് ഹൈകോടതി വിധിച്ചതിനുപിന്നാലെയാണ് സർക്കാർ വിവാദ ഓർഡിനൻസ് പുറപ്പെടുവിച്ചത്. പ്രിയങ്ക- സലാമത് അന്‍സാരി ദമ്പതികളുടെ വിവാഹം റദ്ദാക്കണമെന്ന യു.പി സര്‍ക്കാർ ഉൾപ്പെടെയുള്ളവരുടെ ആവശ്യം തള്ളിയാണ് ഡിവിഷൻ െബഞ്ചിെൻറ വിധി. ഉത്തര്‍പ്രദേശിനു പുറമെ ബി.ജെ.പി ഭരണത്തിലുള്ള കര്‍ണാടക, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ലൗ ജിഹാദ് നിയമനിര്‍മാണത്തിലൂടെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വ്യക്തികളുടെ അവകാശത്തിനു മേൽ സര്‍ക്കാരിന് കടന്നുകയറാനാവില്ലെന്നും മതപരിവ൪ത്തനത്തിന് എതിരായ നിയമ നി൪മാണം ശരിയല്ലെന്നും കോടതി വ്യക്തമാക്കി. വിവാഹത്തിന് മാത്രമായുള്ള മതപരിവ൪ത്തനം ശരിയല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ െബഞ്ച് റദ്ദാക്കി. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പങ്കാളി ആരെന്ന് തീരുമാനിക്കാനും ഒന്നിച്ച് ജീവിക്കാനും അവകാശമുണ്ടെന്ന് കോടതി പ്രസ്താവിച്ചു.
പ്രായപൂര്‍ത്തിയായവർ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അതില്‍ ഇടപെടാന്‍ കുടുംബത്തിനോ, ഭരണകൂടത്തിനോ, മറ്റു വ്യക്തികൾക്കോ അധികാരമില്ല. വിവാഹം കഴിക്കുന്നതിന് വേണ്ടി മതംമാറുന്നത് തെറ്റാണെന്ന അലഹബാദ് ഹൈകോടതിയടെ പഴയ വിധി സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോൾ, ഈ വിധി ഭരണഘടന വിരുദ്ധമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സലാമത്തിനെതിരെ ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയ കേസ് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.