കാമ്പസിൽ നമസ്കരിച്ചു; ഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് അധ്യാപകൻ നിർബന്ധിത അവധിയിൽ

ന്യൂഡൽഹി: കാമ്പസിലെ പുൽത്തകിടിയിൽ നമസ്കരിച്ചതിന് അധ്യാപകനെതിരെ വിദ്വേഷ പ്രചാരണവുമായി ബി.ജെ.പി അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ. തുടർന്ന് അധ്യാപകനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കോളജ് അധികൃതർ ആവശ്യപ്പെട്ടു. ഉത്തർ പ്രദേശിലെ സ്വകാര്യ കോളജിലാണ് സംഭവം. കോളജിലെ പുൽത്തകിടിയിൽ അധ്യാപകൻ നമസ്കരിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച് നടപടിയെടുക്കണമെന്ന് ബി.ജെ.പിയും തീവ്ര ഹിന്ദുത്വ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

ശ്രീ വൈഷ്ണോയി കോളജിൽ നടന്ന സംഭവത്തിൽ നിയമ വിഭാഗം പ്രഫസർ എസ്.ആർ ഖാലിദാണ് നടപടികക് വിധേയനായത്. ഖാലിദ് ഒരു മാസത്തെ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. കോളജ് നേരത്തെ ഹിജാബ് നിരോധിച്ചിരുന്നു.

താൻ തിരക്കിലായിരുന്നെന്നും അതിനാൽ കാമ്പസിൽ നമസ്‌കാരം നിർവഹിച്ചുവെന്നും ഖാലിദ് തന്നോട് പറഞ്ഞതായി കോളജ് പ്രിൻസിപ്പൽ അനിൽ കുമാർ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

ഭാരതീയ ജനതാ യുവമോർച്ചയിലെ (ബി.ജെ.വൈ.എം) ചില നേതാക്കൾ അധ്യാപകനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കോളജ് കാമ്പസിനുള്ളിൽ നമസ്‌കരിക്കുന്നതിലൂടെ പ്രഫസർ "സമാധാന അന്തരീക്ഷം തകർക്കാൻ" ശ്രമിക്കുകയാണെന്ന് വിദ്യാർത്ഥി നേതാവ് ദീപക് ശർമ്മ ആസാദ് ആരോപിച്ചു.

ഇത് നന്നായി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബി.ജെ.പി യുവജന വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് അമിത് ഗോസ്വാമി പറഞ്ഞു.

"പഠിപ്പിക്കുന്നതിനുപകരം, അസിസ്റ്റന്റ് പ്രഫസർ കോളജ് കാമ്പസിൽ മതപരമായ വസ്ത്രത്തിൽ നമസ്കരിക്കുന്നു. ഒരു അധ്യാപകന്റെ ഇത്തരം പെരുമാറ്റം വിദ്യാർത്ഥികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ്. ഇതൊരു വഴിവിട്ട സംഭവമല്ല, മറിച്ച് സംസ്ഥാനത്തെ നിലവിലെ ബി.ജെ.പി സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ്" -ഗോസ്വാമി കൂട്ടിച്ചേർത്തു.

ഇതുമായി ബന്ധപ്പെട്ട് കുവാർസി പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. കോളജ് അധികൃതരിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിന് ശേഷം വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ഇതുവരെ എഫ്‌.ഐ.ആർ ഫയൽ ചെയ്തിട്ടില്ല.

Tags:    
News Summary - UP College Sends Prof on Leave After BJP, Hindutva Groups Protest Against Namaz on Campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.