അനിൽകുമാർ വീട്ടിൽ നൽകിയ പരിശീലനത്തിനിടെ അനിൽ സോണി (ചിത്രം ന്യൂസ്​ 18) 

ഇതാ യു.പിയിലെ 'ഇടിവെട്ട്​ സുഗുണൻ'- പൊലീസുകാരൻ തനിക്ക്​ പകരം ജോലിക്ക്​ അയച്ചത്​ ഭാര്യാസഹോദരനെ; അതും അഞ്ച്​ വർഷം

ലഖ്നോ: മമ്മൂട്ടി നായകനായ 'പോക്കിരിരാജ'യിൽ സുരാജ്​ വെഞ്ഞാറമ്മൂട്​ അവതരിപ്പിക്കുന്ന എസ്​.ഐ കഥാപാത്രമാണ്​ 'ഇടിവെട്ട്​ സുഗുണൻ'. പൊലീസ്​ കമ്മീഷണറുടെ മകളെ ശല്യം ചെയ്യുന്ന പൂവാലന്മാരെ കൈകാര്യം ചെയ്യാൻ സുഗുണൻ കോളജിലേക്ക്​ എസ്​.ഐ വേഷത്തിൽ അയക്കുന്നത് ഭാര്യസഹോദരൻ സൂര്യയെ (പൃഥ്വിരാജ്​) ആണ്​. സിനിമയിൽ മാത്രമേ ഇതൊക്കെ നടക്കൂ എന്ന്​ കരുതിയെങ്കിൽ തെറ്റി. ഉത്തർപ്രദേശിലെ ഒരു ​പൊലീസ്​ കോൺസ്റ്റബിൾ തനിക്ക്​ പകരം ജോലിക്ക്​ അയച്ചത്​ ഭാര്യസഹോദരനെ ആണ്. അതും അഞ്ച്​ വർഷം. ​

അനിൽകുമാർ എന്ന കോൺസ്റ്റബിളാണ്​ ഭാര്യാസഹോദരൻ അനിൽ സോണിയെ ആ ജോലി ഏൽപ്പിച്ച്​ അഞ്ച്​ വർഷത്തോളം പൊലീസ്​ അധികൃതരെ കബളിപ്പിച്ചത്​. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്​ഥാനത്തിൽ അന്വേഷണം നടത്തിയ മേലുദ്യോഗസ്​ഥർ ആൾമാറാട്ടം സ്​ഥിരീകരിച്ചതോടെ അനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്​. അനിൽ സോണി ഒളിവിലും പോയി.

മുസഫർനഗറിലെ ഖതൗലി സ്വദേശിയാണ്​ അനിൽകുമാർ. 2012ലാണ്​ ഗൊരഖ്​പുറിൽ നടന്ന പൊലീസ്​ റിക്രൂട്ട്​മെന്‍റ്​ ടെസ്റ്റ്​ വിജയിച്ച്​ കോൺസ്റ്റബിളായി ജോലിക്ക്​ കയറുന്നത്​. പരിശീലനത്തിന്​ ശേഷം ബറേലി ജില്ലയിലായിരുന്നു പോസ്റ്റിങ്​. പിന്നീട്​ അവിടെ നിന്ന്​ മുറാദാബാദിലെ ഠാക്കൂർദ്വാര ​പൊലീസ്​ സ്​റ്റേഷനിലേക്ക്​ സ്​ഥലംമാറ്റം ലഭിച്ചപ്പോളാണ്​ അനിൽകുമാർ ആൾമാറാട്ടം നടത്തിയത്​.

അനിൽകുമാർ തനിക്ക് പകരം ഭാര്യാസഹോദരൻ അനിൽ സോണിയെ ആ ജോലി ഏൽപ്പിക്കുകയായിരുന്നു. അനിൽകുമാറിന് പകരം ഠാക്കൂർദ്വാരയിൽ അനിൽ സോണിയാണ് ജോലിക്ക് ഹാജരായത്. ബരേലിയിൽനിന്നുള്ള സ്ഥലംമാറ്റ ഉത്തരവുമായി എത്തിയ വ്യാജനെ മേലുദ്യോഗസ്ഥർക്ക്​ തിരിച്ചറിയാനും കഴിഞ്ഞില്ല. റിക്രൂട്ടിങ് ഓഫീസർ ഫോട്ടോ പോലും പരിശോധിക്കാതിരുന്നതും ഇവർക്ക് ഗുണകരമായി.

'പൊലീസിലെടുക്കും' മുമ്പ്​ അനിൽകുമാർ ഭാര്യാസഹോദരന് വീട്ടിൽവെച്ച് എല്ലാ പരിശീലനവും നൽകിയിരുന്നെന്നും മേലുദ്യോഗസ്​ഥർ കണ്ടെത്തി. പൊലീസ് പരിശീലനക്കാലത്തെ വിവിധ അഭ്യാസങ്ങളും തോക്ക് ഉപയോഗിക്കേണ്ടവിധവും സല്യൂട്ട് ചെയ്യേണ്ട രീതിയുമൊക്കെ പഠിപ്പിച്ചു നൽകിയിരുന്നു. തുടർന്ന് ജോലിയിൽ പ്രവേശിച്ച അനിൽസോണി

ഇതിനിടെ,അനിൽസോണിക്ക് സേനയിൽനിന്ന് തോക്കും അനുവദിച്ചു. പിസ്റ്റൽ ഒക്കെ ഇയാൾ ഡ്യൂട്ടിയുടെ ഭാഗമായി ഉപയോഗിച്ചുവന്നിരുന്നു. ഇങ്ങനെ ആർക്കും സംശയത്തിനിട നൽകാതെ 'ആൾമാറാട്ടം' തുടരു​​​േമ്പാളാണ്​ മേലുദ്യോഗസ്​ഥർക്ക്​ ഇതുസംബന്ധിച്ച രഹസ്യവിവരം കിട്ടുന്നത്​. നിലവിൽ ജോലിചെയ്യുന്നത് യഥാർഥ അനിൽകുമാർ അല്ലെന്ന വിവരം ലഭിച്ചതോടെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി അന്വേഷണം നടത്തി. തുടർന്ന് ആൾമാറാട്ടം സ്ഥിരീകരിക്കുകയായിരുന്നു.

സേനയിൽനിന്ന് ആരുടെയെങ്കിലും സഹായം ഇവർക്ക്​ ലഭിച്ചിട്ടു​​​​ണ്ടോയെന്ന്​ പൊലീസ്​ അന്വേഷിച്ച്​ വരികയാണ്​. ആരെങ്കിലും ഇവരെ ആൾമാറാട്ടത്തിന് സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - UP constable sends brother-in-law to do his duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.