ലഖ്നോ: ഉത്തർപ്രദേശ് സർക്കാർ നിലകൊള്ളുന്നത് പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് മാതൃകാപരമായ ശിക്ഷയാകും നൽകുകയെന്നും യോഗി ട്വിറ്ററിലൂടെ അറിയിച്ചു. ഹാഥറസ് കൂട്ടബലാത്സംഗക്കൊലയിൽ യു.പി സർക്കാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് യോഗിയുടെ പ്രതികരണം.
''ഉത്തർപ്രദേശിൽ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷക്കും ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിക്കുമെന്ന് ചിന്തിക്കുന്നവർ പോലും നശിപ്പിക്കപ്പെടും. അവർക്ക് നൽകുന്ന ശിക്ഷ മറ്റുള്ളവർക്ക് ഒരു മാതൃകയാകും. സ്ത്രീ സുരക്ഷക്കും ശാക്തീകരണത്തിനും യു. പി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതാണ് ഞങ്ങളുടെ പ്രതിജ്ഞ, ഇതാണ് ഞങ്ങളുടെ വാഗ്ദാനം'' -യോഗി ട്വീറ്റ് ചെയ്തു.
ഹാഥരസ് സംഭവത്തിൽ യോഗി സർക്കാറിനെതിരെ 'യു.പി സർക്കാർ നാണക്കേട്', 'പെൺകുട്ടികളെ കത്തിക്കൂ, പെൺകുട്ടികളെ രക്ഷിക്കൂ' തുടങ്ങിയ മുദ്രാവാക്യങ്ങൾ രാജ്യവ്യാപകമായി ഉയർന്നിരുന്നു. പെൺകുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ ബലപ്രയോഗത്തിലൂടെ സംസ്കരിച്ച യു.പി പൊലീസിെൻറ നടപടിക്കെതിരെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും ഹാഥറസിലേക്ക് അടുപ്പിക്കാത്ത നടപടിക്കെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.