ലഖ്നോ: യു.പിയിലെ ഗംഗാതീരത്ത് മണലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത് അധികൃതർക്ക് തലവേദനയായിരിക്കുകയാണ്. സംഭവത്തിൽ വിമർശനം ഉയരുന്നതിനിടെ മൃതദേഹങ്ങൾ ശരിയായ രീതിയിൽ സംസ്കാരം നടത്താനായി ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്താൻ മതനേതാക്കളുടെ സഹായം തേടി യു.പി സർക്കാർ.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വിഷയത്തിൽ മതനേതാക്കളുടെ സഹായം തേടാൻ അധികൃതരോട് ആവശ്യപ്പെട്ടത്. നിലവിലെ രീതി പ്രകൃതിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗംഗയിലേക്ക് മൃതദേഹം തള്ളുന്നത് തടയാനുള്ള നപടികൾ സ്വീകരിക്കാൻ പൊലീസിനും ദുരന്ത നിവാരണ സേനക്കും കർശന നിർദേശവും നൽകി. അന്ത്യകർമ്മങ്ങൾ മതപരമായ രീതിയിൽ ഭക്തിയോടെ തന്നെ ചെയ്യണം. ഇത്തരം കർമ്മം ചെയ്യാൻ പണമില്ലാത്തവർക്ക് സഹായം നൽകാനും സർക്കാർ തയാറാണെന്നും യു.പി മുഖ്യമന്ത്രി വ്യക്തമാക്കി.
ആയിരക്കണക്കിന് കോവിഡ് രോഗികളുടെ മൃതശരീരങ്ങൾ ഗംഗാനദിയിൽ ഒഴുകിനടന്നതോടെ മൃതദേഹങ്ങൾ തള്ളുന്നത് തടയണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
ഉത്തർപ്രദേശിലെ പ്രായാഗ് രാജിൽ മണലിൽ കുഴിച്ചിട്ട നിലയിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പ്രയാഗ് രാജിലെ ഗംഗാതീരത്താണ് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കൂടാതെ ബക്സറിലെ ഗംഗാ തീരത്ത് അഴുകിയ നൂറുകണക്കിന് മൃതദേഹങ്ങൾ കരക്കടിഞ്ഞിരുന്നു. തെരുവുനായ്ക്കളും മറ്റു മൃഗങ്ങളും കടിച്ചുവലിക്കുന്ന നിലയിലും വെള്ളത്തിൽകിടന്ന് അഴുകിയ നിലയിലുമായിരുന്നു മൃതദേഹങ്ങൾ. ഉത്തർപ്രദേശിൽ മാത്രം 2000 മൃതശരീരങ്ങളാണ് ഗംഗയിൽനിന്ന് കിട്ടിയത്.
മൃതദേഹങ്ങൾ യഥാവിധി അടക്കംചെയ്യാതെ ഗംഗാതീരത്ത് തള്ളി അതിന് മുകളിൽ മണ്ണിട്ടുമൂടുകയാണെന്നാണ് ആക്ഷേപം. സാധാരണഗതിയിൽ 15നും 20നുമിടയിൽ മൃതശരീരങ്ങൾ എത്തിയിരുന്ന ഭാസ്കർ ഘട്ടിൽ കോവിഡ് രണ്ടാം തരംഗത്തിന് ശേഷം 70നും 80നുമിടയിൽ മൃതദേഹങ്ങൾ സംസ്കാരത്തിനെത്തുന്നുണ്ട്. ഇതേതുടർന്ന് പലരും മൃതദേഹങ്ങൾ ഗംഗയിലെറിയാനും തീരത്ത് മണ്ണിട്ടുമൂടാനും തുടങ്ങിയതോടെയാണ് സ്ഥിതി ഗുരുതരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.