ലഖ്നോ: ആദ്യ കോവിഡ് വാക്സിൻ ഡോസായി കൊവാക്സിൻ നൽകിയയാൾക്ക് രണ്ടാം ഡോസായി കോവിഷീൽഡ് വാക്സിൻ നൽകി. യു.പിയിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം.
ചീഫ് ഡവലെപ്മെന്‍റ് ഓഫിസറുടെ ഡ്രൈവറായി ജോലി ചെയ്യുന്ന ഉമേഷ് എന്നയാൾക്കാണ് വ്യത്യസ്ത കോവിഡ് വാക്സിനുകൾ കുത്തിവെച്ചത്. ആഴ്ചകൾക്ക് മുമ്പ് ഇയാൾ കൊവാക്സിൻ ആദ്യ ഡോസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസം ജില്ല ആശുപത്രിയിൽ എത്തി രണ്ടാം ഡോസ് എടുത്ത ശേഷമാണ് കോവിഷീൽഡ് വാക്സിനാണ് കുത്തിവെച്ചതെന്ന് മനസിലായത്.
ഉമേഷിന് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ജീവനക്കാർ കൂടുതൽ ശ്രദ്ധ കാട്ടേണ്ടിയിരുന്നെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു.
രാജ്യത്ത് നിലവിൽ തദ്ദേശീയമായ കൊവാക്സിൻ, ആസ്ട്രസെനേക-ഓക്സ്ഫോഡ് വാക്സിനായ കോവിഷീൽഡ് എന്നിവയാണ് ഉപയോഗത്തിലുള്ളത്. റഷ്യൻ വാക്സിനായ സ്പുട്നിക് 5ന് അടിയന്തര അനുമതി കഴിഞ്ഞ ദിവസം നൽകിയിരുന്നു.
യു.പിയിൽ കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ എടുക്കാനെത്തിയ സ്ത്രീകൾക്ക് പേവിഷബാധ കുത്തിവെപ്പ് നൽകിയ സംഭവമുണ്ടായിരുന്നു. അശ്രദ്ധയോടെ കുത്തിവെപ്പെടുത്ത ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.