കാൺപൂർ: പുരികം ഷേപ്പ് ചെയ്തത് ഇഷ്ടപ്പെടാതിരുന്നതോടെ സൗദി അറേബ്യയിൽ നിന്ന് ഫോൺ വിളിച്ച് ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി. സംഭവത്തിൽ ഭർത്താവിനെതിരെ യുവതി പൊലീസിൽ പരാതി നൽകി.
പരാതിക്കാരിയായ ഗുൽസൈബയും സലീമും 2022ലാണ് വിവാഹിതരായത്. ആഗസ്റ്റ് 30ന് സലീം സൗദിയിലേക്ക് പോയതിന് പിന്നാലെ ഭർതൃവീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു. ഭർത്താവ് പഴഞ്ചൻ ജീവിതശൈലി പിന്തുടരുന്നയാളാണ്. തന്‍റെ ഫാഷൻ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഇത് പലപ്പോഴും വഴക്കിലേക്ക് നയിച്ചിട്ടുണ്ടെന്നും ഗുൽസൈബ പറഞ്ഞു.
ഒക്ടോബർ നാലിന് ഇരുവരും വീഡിയോകാൾ ചെയ്തിരുന്നു. ഇതിനിടെയാണ് താൻ പുരികം ഷേപ്പ് ചെയ്തത് ഭർത്താവിന്‍റെ ശ്രദ്ധയിൽപ്പെട്ടതെന്ന് ഗുൽസൈബ പറയുന്നു. ‘രോമവളർച്ച അധികമായത് മുഖത്തിന് ഭംഗി നൽകുന്നില്ലെന്ന് തോന്നിയത് കൊണ്ടാണ് പുരികം ഷേപ്പ് ചെയ്തതെന്ന എന്റെ മറുപടിക്ക് പിന്നാലെ സലീം രോഷാകുലനാകുകയായിരുന്നു. തന്‍റെ അഭിപ്രായം പരിഗണിക്കാതെ പുരികം ഷേപ്പ് ചെയ്യാൻ പോയത് തെറ്റായെന്നും ഈ വിവാഹബന്ധത്തിൽനിന്ന് പിന്മാറുകയാണെന്നും സലീം പറഞ്ഞു. ഇതിന് പിന്നാലെ മുത്തലാഖ് ചൊല്ലിയ ശേഷം ഫോൺവെക്കുകയായിരുന്നു’. തിരിച്ച് വിളിക്കാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.
സംഭവത്തിന് പിന്നാലെയാണ് ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ തനിക്ക് നീതി ലഭിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.