ലഖ്നോ: ഉത്തർപ്രദേശ് പ്രയാഗ്രാജിൽ ദലിത് കുടുംബത്തിന്‍റെ കൊലപാതകത്തിൽ യുവാവ് അറസ്റ്റിൽ. 23കാരനായ ദലിത് യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അജ്ഞാതരായ കൂട്ടാളികളുമായി ചേർന്ന് യുവാവ് കൊല നടത്തിയെന്നാണ് പൊലീസ് വാദം. കുടുംബത്തിൽ ബലാത്സംഗത്തിന് ഇരയായശേഷം കൊല്ലപ്പെട്ട പെൺകുട്ടി പ്രായപൂർത്തിയായതാണെന്നും അതിനാൽ പോക്സോ വകുപ്പുകൾ ഒഴിവാക്കിയതായും പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട കുടുംബത്തിന്‍റെ വീടിന്‍റെ പിറകിലെ ഇഷ്ടിക ചൂളയിലാണ് യുവാവിൻെറ താമസം. യുവാവ് കൊല്ലപ്പെട്ട പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് നാലംഗ കുടുംബം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള ആക്രമണമാണ് നാലുപേരുടെയും മരണകാരണം. മൂന്നുപേരുടെ മൃതദേഹം നടുമുറ്റത്തുനിന്നും പെൺകുട്ടിയുടെ മൃതദേഹം മുറിയിൽനിന്നുമാണ് കണ്ടെത്തിയത്.
കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പ് 23കാരനായ പവൻ സരോജ് പെൺകുട്ടിക്ക് 'ഐ ഹേറ്റ് യു' (ഞാൻ നിന്നെ വെറുക്കുന്നു) എന്ന മെസേജ് അയച്ചിരുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം, സ്വത്തുതർക്കമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അയൽവാസികളായ കുടുംബമാണ് കൊലപാതകത്തിന് പിന്നിലെന്നും അവർ പറഞ്ഞു. അക്രമികളെന്ന സംശയിക്കുന്ന കുടുംബം സവർണ കുടുംബത്തിൽപ്പെട്ടവരാണ്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കുടുംബവുമായി ബന്ധപ്പെട്ട ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഭൂമി തർക്ക കേസിൽ ഇരുകുടുംബങ്ങളും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കാൻ പൊലീസ് ശ്രമിച്ചതായും കുടുംബത്തിന്‍റെ ബന്ധു ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.