ന്യൂഡൽഹി: വൈറലായ 'പുഷ് അപി'ന് ഉത്തർപ്രദേശ് പൊലീസ് നൽകിയ സമ്മാനമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. ലക്ഷകണക്കിനുപേർ കണ്ട യുവാവിന്‍റെ പുഷ് അപ് വിഡിയോക്കായിരുന്നു റിവാർഡ്.
ഓടുന്ന സ്കോർപിയോയുടെ മുകളിൽ കയറി പുഷ് അപ് എടുക്കുന്നതാണ് ദൃശ്യങ്ങൾ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വാഹനത്തിന്‍റെ ഉടമസ്ഥനെയും പുഷ്അപ് എടുത്തയാളെയും യു.പി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൂടാതെ പിഴ അടപ്പിക്കുകയും ചെയ്തു.
ഫിറോസാബാദിൽെവച്ചാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. സമാജ്വാദി പാർട്ടി നേതാവ് കൃഷ്ണ മുരാരി യാദവിന്‍റെ മകൻ ഉജ്വൽ യാദവാണ് വിഡിയോയിൽ. കൃഷ്ണ മുരാരിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.
വിഡിയോ അനുകരിച്ച് നിരവധിപേർ ഇത്തരത്തിൽ രംഗത്തെത്തുമെന്ന് ബോധ്യമായതോടെയാണ് പൊലീസിന്‍റെ നടപടി. കൂടാതെ സ്റ്റേഷനിലെത്തിയ ഇരുവരുടെയും വിഡിയോ പകർത്തി യു.പി പൊലീസിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെക്കുകയും ചെയ്തു. അജയ് കുമാർ ഐ.പി.എസ് സംഭവം വിവരിക്കുന്നതും വിഡിയോയിലുണ്ട്.
'ചില പുഷ് അപുകൾ നിയമത്തിന്‍റെ പരിധിയിൽ വരും' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'നിങ്ങൾ കഠിനമായി പരിശ്രമിക്കുകയാണെങ്കിൽ തീർച്ചയായും പ്രതിഫലം നിങ്ങളെ തേടിയെത്തും' എന്ന വാചകവും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.പി പൊലീസിന്‍റെ വിഡിയോ നിരവധിപേരാണ് ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.