ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പേരിൽ വ്യാജ വിഡിയോ കെട്ടിച്ചമച്ചതിന് സീ ന്യൂസ് ടി.വി വാർത്ത അവതാരകൻ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാനെത്തിയ ഛത്തിസ്ഗഢ് പൊലീസുമായി യു.പി പൊലീസിന്‍റെ കൈയാങ്കളി. ഇരു പൊലീസും തമ്മിൽ നടന്ന കൈയാങ്കളിക്കിടയിൽ ഛത്തിസ്ഗഢ് പൊലീസിന്‍റെ പിടിയിൽനിന്ന് അവതാരകനെ രക്ഷിക്കാൻ യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം, വിവാദ വ്യാജ വിഡിയോ ട്വിറ്ററിലൂടെ പ്രചരിപ്പിച്ച രാജസ്ഥാനിൽനിന്നുള്ള ബി.ജെ.പി എം.പി രാജ്യവർധൻ സിങ് റാതോഡിനെയും പ്രതിയാക്കി ഛത്തിസ്ഗഢ് പൊലീസ് കേസെടുത്തു. രാവിലെ നോയ്ഡയിലെ സീ ന്യൂസ് ഓഫിസ് പരിസരത്തായിരുന്നു കോൺഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢിലെയും ബി.ജെ.പി ഭരിക്കുന്ന യു.പിയിലെയും പൊലീസുകാർ ടി.വി അവതാരകനെ പിടിക്കാനും രക്ഷിക്കാനും മത്സരിച്ചത്.
യു.പി പൊലീസിനെ വിവരമറിയിക്കാതെ ഛത്തിസ്ഗഢ് പൊലീസ് തന്നെ അറസ്റ്റ് ചെയ്യാനായി രാവിലെ തന്‍റെ വീട്ടിൽ നിൽക്കുന്നുവെന്ന് യോഗി ആദിത്യനാഥിനെയും ഗാസിയാബാദ് പൊലീസ് സൂപ്രണ്ടിനെയും ടാഗ് ചെയ്ത് രോഹിത് രഞ്ജൻ ട്വീറ്റ് ചെയ്തതാണ് നാടകീയ നീക്കങ്ങളുടെ തുടക്കം. അങ്ങനെ വിവരമറിയിക്കേണ്ട ആവശ്യമില്ലെന്നും എന്നാൽ തങ്ങൾ അറിയിച്ചുവെന്നും ഛത്തിസ്ഗഢ് പൊലീസ് ട്വീറ്റിന് മറുപടി ട്വീറ്റിട്ടു. കോടതിയുടെ അറസ്റ്റ് വാറന്‍റ് കാണിച്ചിട്ടുണ്ടെന്നും താങ്കൾ അന്വേഷണവുമായി സഹകരിച്ച് പറയാനുള്ളത് കോടതിയിൽ പറയുകയാണ് വേണ്ടതെന്നും ഛത്തിസ്ഗഢ് പൊലീസ് രഞ്ജനോട് ട്വീറ്റിലൂടെ പറഞ്ഞു.
അപ്പോഴേക്കും ഗാസിയാബാദിൽനിന്നും നോയ്ഡയിൽനിന്നും യു.പി പൊലീസ് സ്ഥലത്തെത്തി ഛത്തിസ്ഗഢ് പൊലീസുമായി കൊമ്പുകോർത്തു. കൈയാങ്കളിക്കിടയിൽ യു.പി പൊലീസ് രോഹിത് രഞ്ജനെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി ഛത്തിസ്ഗഢ് പൊലീസിന്‍റെ അറസ്റ്റ് തടഞ്ഞു. തുടർന്ന് ജാമ്യംകിട്ടാവുന്ന കുറ്റംചുമത്തി യു.പി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റും രേഖപ്പെടുത്തി.
വയനാട്ടിൽ തന്‍റെ ഓഫിസ് ആക്രമിച്ച എസ്.എഫ്.ഐക്കാരായ കുട്ടികളോട് തനിക്ക് ദേഷ്യമോ ശത്രുതയോ ഇല്ലെന്ന രാഹുലിന്‍റെ വാക്കുകൾ രാജസ്ഥാനിലെ കനയ്യാ ലാലിന്‍റെ ഘാതകരെ കുറിച്ച് പറഞ്ഞതാക്കി വിഡിയോ കെട്ടിച്ചമച്ചുണ്ടാക്കി സീ ന്യൂസിൽ കാണിച്ചതാണ് രോഹിത് രഞ്ജനെതിരായ കേസ്. ഛത്തിസ്ഗഢിനു പുറമെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും വ്യാജ വിഡിയോക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.