എട്ട് ലക്ഷം വേണോ? അതോ ജയിൽ വേണോ? -യൂട്യൂബർമാരെ വരുതിയിലാക്കാൻ യു.പി സർക്കാർ

ലഖ്നോ: സമൂഹമാധ്യമങ്ങളിൽ കൂ​ടുതൽ ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവൻസർമാരെ പണം കൊടുത്ത് വരുതിയിലാക്കാനും അല്ലാത്തവരെ ഭീഷണിപ്പെടുത്തി നിലക്കുനിർത്താനും പുതിയ നിയമവുമായി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. സർക്കാർ പ്രവർത്തനങ്ങളെക്കുറിച്ച് പുകഴ്ത്തി വിഡിയോ ചെയ്യുന്നവർക്ക് എട്ടുലക്ഷം രൂപവരെ പ്രതിമാസം നൽകാനും ദേശവിരുദ്ധമോ അസഭ്യമോ ആയ വിഡിയോ ചെയ്യുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പുവരുത്തുന്നതുമായ വിവാദ ഡിജിറ്റൽ മീഡിയ നയത്തിന് ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് പോലുള്ള സമൂഹമാധ്യമങ്ങളിൽ ആക്ഷേപകരമായ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഇൻഫ്ലുവൻസർമാർക്കും എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സംസ്ഥാന ഇൻഫർമേഷൻ വകുപ്പിന്റെറെയും പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, സംസ്ഥാന സർക്കാരിന്റെ "നേട്ടങ്ങൾ" പ്രചരിപ്പിക്കുന്നവർക്ക് പരസ്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ധാരാളം ഫോളോവേഴ്‌സ് ഉള്ള സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകൾക്കാണ് പണം നൽകുക. ഏതാനും വർഷങ്ങളായി ഈ മേഖലയിൽ സ്വാധീണമുറപ്പിക്കാനുള്ള പ്രിശ്രമത്തിലാണ് ബി.ജെ.പി. എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പോടെ സർക്കാറിനും സംഘ്പരിവാറിനുമെതി​​രെ ചില സ്വതന്ത്ര സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വ്യക്തികളും കടുത്ത വിമർശനാത്മക വിഡിയോകൾ ചെയ്യുന്നത് വർധിച്ചിട്ടുണ്ട്. അവരെ കൂടി ലക്ഷ്യമിട്ടാണ് പുതിയ നിയമനിർമാണമെന്നാണ് ആരോപണം.

ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സംസ്ഥാനത്തിന്റെ വിവിധ വികസന, പൊതുജനക്ഷേമ പദ്ധതികളും നേട്ടങ്ങളും സംബന്ധിച്ച വിഡിയോകൾ ചെയ്യുന്നവർക്ക് പ്രതിമാസം 8 ലക്ഷം രൂപ വരെ സമ്പാദിക്കാമെന്ന് പ്രസാദ് പറഞ്ഞു. പുതിയ നയം പ്രകാരം സർക്കാരിന്റെ സ്കീമുകളും നേട്ടങ്ങളും അടിസ്ഥാനമാക്കിയുള്ള ട്വീറ്റുകൾ, വിഡിയോകൾ, പോസ്റ്റുകൾ, റീലുകൾ എന്നിവ ഉണ്ടാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നവർക്ക് പരസ്യങ്ങൾ നൽകുന്നതിന് ഏജൻസികളെയും സ്ഥാപനങ്ങളെയും സർക്കാർ ലിസ്റ്റ് ചെയ്യും. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലോ വിദേശത്തോ താമസിക്കുന്ന ഉത്തർപ്രദേശുകാർക്ക് വലിയ തോതിൽ തൊഴിൽ സാധ്യത ഈ നയത്തിലൂടെ ഉറപ്പാക്കുമെന്ന് പ്രസാദ് പറഞ്ഞു.

എക്‌സ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ സബ്​സ്ക്രൈബേഴ്സിന്റെയും ഫോളോവേഴ്സിന്റെയും എണ്ണത്തിനനുസരിച്ച് നാലുവിഭാഗമായി തിരിച്ചാണ് സർക്കാർ പണം നൽകുക. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് പ്രതിമാസം അഞ്ച് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ ആയിരിക്കും പണം അനുവദിക്കുക. അതേസമയം, യൂട്യൂബിൽ പോഡ്‌കാസ്റ്റുകൾ, വിഡിയോകൾ, ഷോർട്ട്സുകൾ എന്നിവ നിർമിക്കുന്നവർക്ക് എട്ട് ലക്ഷം, ഏഴ് ലക്ഷം, ആറ് ലക്ഷം, നാല് ലക്ഷം എന്നിങ്ങനെയാണ് മാസത്തിൽ നൽകുക.

വിമർശകരെ ശിക്ഷിക്കുകയും പരസ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പുതിയ നയത്തിലൂടെ ഡിജിറ്റൽ മീഡിയ ഇടം പിടിച്ചെടുക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. “ഇപ്പോൾ സർക്കാർ ഒരു ഭയവും മടിയും കൂടാതെ മാധ്യമങ്ങളെ ഏറ്റെടുക്കാൻ ശ്രമിക്കുന്നു. ഇത് ജനാധിപത്യത്തിന് തന്നെ ആപത്താണ്’ -യുപി കോൺഗ്രസ് ചൂണ്ടിക്കാട്ടി. അതേസമയം, യു.പിയുടെ ഡിജിറ്റൽ മീഡിയ നയം രാജ്യത്തെ മറ്റുസംസ്ഥാനങ്ങൾക്കും മാതൃകയാകുമെന്ന് ബി.ജെ.പി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു.

Tags:    
News Summary - UP: Social Media Influencers to Get Rs 8 Lakh for Govt Publicity and Jail for 'Anti-National' Content

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.