മൊറാദാബാദ്: ഉത്തരാഖണ്ഡിലെ യു.പി പൊലീസ് റെയ്ഡിനും ബി.ജെ.പി നേതാവിന്‍റെ ഭാര്യ വെടിയേറ്റ് മരിച്ച സംഭവത്തിനും കാരണക്കാരനായ ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. ഖനി മാഫിയയുമായി ബന്ധമുള്ള ആളും തലക്ക് 1,00,000 രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട കുറ്റവാളിയുമായ സഫർ അലിയാണ് അറസ്റ്റിലായത്.
മൊറാദാബാദിൽ നടന്ന ഏറ്റുമുട്ടലിനിടെ യു.പി പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ഏറ്റുമുട്ടലിനിടെ കാലിന് വെടിയേറ്റ സഫർ ചികിത്സയിലാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മൊറാദാബാദ് എസ്.പി അഖിലേഷ് ഭദോറിയ അറിയിച്ചു.
ബുധനാഴ്ച ഉത്തരാഖണ്ഡിലെ ജസ്പുർ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിന് പിന്നാലെ സഫർ അലി കടന്നുകളഞ്ഞിരുന്നു. ഇതേതുടർന്ന് ഇയാളുടെ തലക്ക് നേരത്തെ പ്രഖ്യാപിച്ച 50,000 രൂപ പാരിതോഷികം ഒരു ലക്ഷമായി പൊലീസ് ഉയർത്തിയിരുന്നു.
മൊറാദാബാദിന് സമീപത്ത് വെച്ചാണ് സഫറിനെ പിടികൂടാനുള്ള യു.പി പൊലീസിന്‍റെ റെയ്ഡ് ആരംഭിച്ചത്. പിന്തുടരുന്നതിനിടെ പ്രതി ഉത്തരാഖണ്ഡ് അതിർത്തി കടന്ന് ബി.ജെ.പി നേതാവ് ഗുർതജ് സിങ് ഭുള്ളറിന്‍റെ ഫാംഹൗസിൽ അഭയം തേടി. യു.പി പൊലീസ് സ്ഥലത്തെത്തിയതോടെ സംഘർഷവും വെടിവെപ്പും നടന്നു. ഇതിനിടെയാണ് ഭുള്ളറിന്‍റെ ഭാര്യ ഗുർപ്രീത് കൗർ വെടിയേറ്റ് മരിക്കുന്നത്.
ബി.ജെ.പി നേതാവിന്‍റെ ഭാര്യ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രകോപിതരായ നാട്ടുകാർ യു.പി പൊലീസുകാരെ ബന്ദികളാക്കുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. യുവതിയുടെ മരണത്തിൽ യു.പി പൊലീസിനെതിരെ കൊലപാതകകുറ്റത്തിന് ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.