വാഷിങ്ടൺ: അദാനി കമ്പനികളും ഗൗതം അദാനിയും ഊർജ പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിട്ടുണ്ടോയെന്ന് അമേരിക്കയിൽ അന്വേഷണം. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനായുള്ള യു.എസ് അറ്റോർണി ഓഫീസിന്‍റെയും വാഷിങ്ടണിലെ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
അസൂർ പവർ ഗ്ലോബൽ എന്ന ഇന്ത്യൻ റിന്യൂവബിൾ എനർജി കമ്പനിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. എന്നാൽ, ചെയർമാനെതിരെ ഒരു അന്വേഷണത്തെക്കുറിച്ചും ഞങ്ങൾക്കറിവില്ല എന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. ഏറ്റവും ഉയർന്ന നിലവാരത്തോടെ പ്രവർത്തിക്കുന്ന ഒരു ബിസിനസ് ഗ്രൂപ്പ് എന്ന നിലയിൽ, ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും അഴിമതി വിരുദ്ധ നിയമങ്ങൾക്കും കൈക്കൂലി വിരുദ്ധ നിയമങ്ങൾക്കും തങ്ങൾ വിധേയരാണെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
അദാനി ഗ്രൂപ്പിന്‍റെ ഓഹരി കൃത്രിമം സംബന്ധിച്ച വിവരങ്ങൾ നേരത്തെ യു.എസ് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ടിരുന്നു. ഈ സംഭവത്തിൽ യു.എസ് മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ അദാനി ഗ്രൂപ്പിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഹിൻഡൻബർഗ് റിസർച്ചിന്‍റെ വെളിപ്പെടുത്തലുകളോടെ അദാനി ഓഹരികൾ തകർന്നടിയുകയും അദാനിയുടെ സ്വത്തിൽ 57 ശതമാനത്തിന്‍റെ ഇടിവുണ്ടാകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.