പ്രതിരോധ ഓഡിറ്റ് റിപ്പോർട്ട് ഓൺലൈനിൽ ലഭ്യമാക്കേണ്ടതില്ലെന്ന് സ്ഥാനമൊഴിയുന്ന സി.എ.ജി

ന്യൂഡൽഹി: ലോകത്ത് ആർക്കും എളുപ്പം ലഭ്യമാകുമെന്നതിനാലാണ് പ്രതിരോധ ഓഡിറ്റ് റിപ്പോർട്ട് ഓൺലൈനിൽ ലഭ്യമാക്കാതിരുന്നതെന്ന് സ്ഥാനമൊഴിയുന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) രാജീവ് മെഹർഷി. സി.എ.ജി വെബ്സൈറ്റിൽ ഓഡിറ്റ് റിപ്പോർട്ട് ലഭ്യമാക്കിയാൽ വാഷിങ്ടണിലോ, ബെയ്ജിങ്ങിലോ, ഇസ്ലാമാബാദിലോ ഇരുന്ന് ഒരാൾക്ക് അത് കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയോടെയാണ് രാജീവ് മെഹർഷി തന്‍റെ കാലാവധി പൂർത്തിയാക്കിയത്.

സി.എ.ജി റിപ്പോർട്ടുകൾ ആർക്കും എളുപ്പത്തിൽ ലഭ്യമാക്കാതിരിക്കുക എന്നത് തന്‍റെ ആശയമാണ്. എളുപ്പം ലഭ്യമാക്കേണ്ട ആവശ്യമില്ല. ഇത് തന്‍റെ സ്വന്തം തീരുമാനമാണെന്നും സർക്കാറിന്‍റെ തീരുമാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്‍റിനും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കും സി.എ.ജി റിപ്പോർട്ട് നൽകുന്നുണ്ട്. ഇത് വലിയ രഹസ്യമൊന്നുമല്ല. എന്നാൽ, ഒറ്റ ബട്ടനിലൂടെ ആർക്കും ലഭ്യമാകാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. വാഷിങ്ടണിൽ ഇരുന്നോ ബെയ്ജിങ്ങിൽ ഇരുന്നോ ഇസ്ലാമാബാദിൽ ഇരുന്നോ ആർക്കും റിപ്പോർട്ട് കാണാനാകുമെന്നതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തത് -അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടിലെ പോരായ്മകൾ ചർച്ച ചെയ്യാം. പക്ഷേ, പ്രതിരോധ ഓഡിറ്റ് റിപ്പോർട്ട് ഒരു വെബ്സൈറ്റിൽ ലഭ്യമാക്കേണ്ടതില്ല. ലോകത്താർക്കും എളുപ്പം ലഭ്യമാക്കേണ്ട എന്ത് ആവശ്യമാണ് അതിനുള്ളത്.

താൻ മുമ്പ് ആഭ്യന്തര മന്ത്രാലയത്തിലുണ്ടായിരുന്നപ്പോൾ പാകിസ്താനുമായി നിരവധി ഉരസലുകൾ ഉണ്ടായിരുന്നു. അക്കാലത്ത് സി.എ.ജി റിപ്പോർട്ടിൽ സൈന്യത്തിലെ ആയുധങ്ങളുടെ കുറവിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു. നമുക്കൊരു കുറവുണ്ടെങ്കിൽ അത് ശത്രുക്കൾ അറിയാതിരിക്കുകയാണ് വേണ്ടത് -മെഹർഷി പറഞ്ഞു.

2017 സെപ്റ്റംബറിലാണ് രാജീവ് മെഹർഷി സി.എ.ജി സ്ഥാനത്തെത്തുന്നത്. തുടർന്നുള്ള കാലയളവിൽ എട്ട് പ്രതിരോധ ഓഡിറ്റ് റിപ്പോർട്ടുകൾ പാർലമെന്‍റിന് മുമ്പാകെ നൽകിയിട്ടുണ്ട്. എന്നാൽ ഇവയൊന്നും സി.എ.ജി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.