കുത്തനെ താഴോട്ട് തുരക്കാനായി സിൽക്യാരയിൽ മല മുകളിലേക്ക് കയറ്റുന്ന റിഗ് മെഷീൻ

സിൽക്യാര രക്ഷാദൗത്യത്തിന് മല താഴോട്ടും തുരക്കുന്നു

സിൽക്യാര (ഉത്തര കാശി): അന്ത്യഘട്ടത്തിലേറ്റ അപ്രതീക്ഷിത തടസം മൂലം സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറ​ത്തെത്തിക്കാൻ മലമുകളിൽ നിന്ന് താഴോട്ടും തുരക്കാൻ നടപടി തുടങ്ങി. കുത്തനെ താഴോട്ട് ലംബമായി മല തുരക്കാനുള്ള റിഗ് മെഷീൻ ബോർഡർ റോഡ് ഓർഗനൈസേഷൻ (ബി.ആർ. ഒ) സിൽക്യാര മലമുകളിലേക്ക് കയറ്റി തുടങ്ങി.

തുരങ്കത്തിനുള്ളിലൂടെ തിരശ്ചീനമായി കുഴൽ പാത ഒരുക്കാനുള്ള പരിശ്രമം അന്ത്യഘട്ടത്തിലെ അവസാന മീറ്ററുകളിൽ ദുഷ്കരമായതോടെയാണ് തൊഴിലാളികളെ പുറത്തെത്തിക്കാൻ ബദൽ മാർഗവും പ്രയോഗിക്കാൻ തീരുമാനിച്ചത്. ലംബമായി മല തുരക്കാനാണ് അന്താരാഷ്ട തുരങ്ക വിദഗ്ധനായ ആർണോൾഡ് ഡിക്സ് തുടക്കം മുതൽ ആവശ്യപ്പെടുന്നതെങ്കിലും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അപകട സ്ഥലം സന്ദർശിച്ചപ്പോൾ തിരശ്ചീനമായി കുഴൽ പാത ഒരുക്കിയാൽ മതിയെന്ന് നിർദേശിക്കുകയായിരുന്നു.

ഹിമാലയൻ നിരകളിലെ അതീവ പരിസ്ഥിതി ലോല പ്രദേശത്തെ എപ്പോഴും അടർന്നു വീഴാവുന്ന തരത്തിൽ നിൽക്കുന്ന മലയായത് കൊണ്ടാണ് മലയുടെ മുകളിൽ നിന്ന് താഴോട്ട് തുരന്നുള്ള രക്ഷാദൗത്യത്തിന് നിർമാണ കമ്പനിയും കേന്ദ്ര സർക്കാറും മടിച്ചത്. തുരങ്കമോ മലയോ വീണ്ടും ഇടിഞ്ഞു വീണേക്കാമെന്ന ആശങ്ക ഇരു കൂട്ടർക്കുമുണ്ട്.

എന്നാൽ തിരശ്ചീനമായി തുരന്നത് അവസാന ഘട്ടത്തിൽ പല കാരണങ്ങളാൽ തടസപ്പെട്ടതോടെ രക്ഷാദൗത്യത്തിന് പുതിയ വഴി കൂടി തേടാൻ നിർബന്ധിതമാകുകയായിരുന്നു. മുന്നോട്ടുള്ള വഴിയിൽ ഇരുമ്പു ഗർഡറുകളും കുഴലുകളും കമ്പികളും തടസം തീർക്കുകയും ഇതു വരെ തുരന്ന അമേരിക്കൻ ഓഗർ മെഷീന്റെ ബ്ലേഡ് തുരങ്കത്തിൽ കുടുങ്ങുകയും ചെയ്തത് മാറി ചിന്തിക്കാൻ അധികൃതരെ പ്രേരിപ്പിച്ചു.

അവശിഷ്ടങ്ങൾ തുരന്ന് ഇരുമ്പു കുഴലിട്ടു കൊണ്ടിരുന്ന അമേരിക്കൻ നിർമിത ഓഗർ മെഷീൻ ഉറപ്പിച്ച് നിർത്തിയ അടിത്തറ രണ്ടാമത് കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച ശേഷമാണ് വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ തുരക്കുന്ന പ്രവൃത്തി വീണ്ടും തുടങ്ങിയത്. എന്നാൽ ഇരുമ്പുകുഴൽ വീണ്ടും തുരന്ന് കയറ്റാൻ തുടങ്ങിയ അവസാനഭാഗം കടുപ്പമേറിയത് മൂലം തുടങ്ങിയ പ്രവൃത്തി ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും തടസപ്പെട്ടു.

പുതുതായുണ്ടാകുന്ന ഇത്തരം തടസങ്ങളാൽ ബുധനാഴ്ച അവസാനിക്കുമെന്ന് കരുതിയിരുന്ന രക്ഷാദൗത്യം വീണ്ടും നീളുകയാണ്. തുരങ്കമിടിഞ്ഞ് മണ്ണും കല്ലും കോൺക്രീറ്റും ഇരുമ്പുകമ്പികളും ഗർഡറും കൂടിക്കുഴഞ്ഞ് കിടക്കുന്ന അവശിഷ്ടങ്ങളിൽ ആറ് മീറ്ററിന്റെ ഒമ്പത് കുഴലുകൾ ഇതിനകം കയറ്റാനായിട്ടുണ്ട്. പത്താമത്തെയും പതിനൊന്നാമത്തെയും കുഴൽ കൂടി കയറ്റിയ ശേഷമേ തൊഴിലാളികളെ അത് വഴി പുറത്തു കടത്താനാവൂ.

Tags:    
News Summary - Uttarakhand tunnel collapse: news follow up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.