നവംബർ 12: ഉത്തരാഖണ്ഡിലെ ബ്രാംഖൽ-യമുനോത്രി ദേശീയപാതയിൽ നിർമാണത്തിലുള്ള സിൽക്യാര-ദണ്ഡൽഗാവ് തുരങ്കത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് 41 തൊഴിലാളികൾ ഉള്ളിൽ കുടുങ്ങി. ജില്ല ഭരണകൂടം രക്ഷാപ്രവർത്തനം ആരംഭിച്ചു. തൊഴിലാളികൾക്ക് പൈപ്പിലൂടെ ഓക്സിജനും ഭക്ഷണസാധനങ്ങളും എത്തിക്കുന്നതിന് നടപടി സ്വീകരിച്ചു.
ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ, നാഷനൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷൻ, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് എന്നീ ഏജൻസികൾ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
നവംബർ 13: ഓക്സിജൻ നൽകാൻ സ്ഥാപിച്ച കുഴലിലൂടെ തൊഴിലാളികളുമായി ബന്ധപ്പെടാൻ സാധിച്ചു. തൊഴിലാളികൾ സുരക്ഷിതരാണെന്ന് ഉറപ്പിച്ചു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സംഭവസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തി.
തുരങ്കത്തിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്നതിൽ പുരോഗതിയുണ്ടായില്ല. കൂടുതൽ മണ്ണിടിഞ്ഞത് രക്ഷാപ്രവർത്തനം പ്രയാസകരമാക്കി. ഇതോടെ, മണ്ണിടിഞ്ഞ ഭാഗത്തിന്റെ വ്യാപ്തി 30ൽനിന്ന് 60 മീറ്ററായി. കോൺക്രീറ്റ് സ്പ്രേ ചെയ്ത് മണ്ണ് ബലപ്പെടുത്താനും തുടർന്ന് വലിയ വ്യാസമുള്ള സ്റ്റീൽ പൈപ്പ് സ്ഥാപിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനുമുള്ള പദ്ധതി ആവിഷ്കരിച്ചു.
നവംബർ 14: 900 എം.എം വ്യാസമുള്ള സ്റ്റീൽ പൈപ്പുകൾ സ്ഥലത്തെത്തിച്ചു. എന്നാൽ, കൂടുതൽ മണ്ണിടിഞ്ഞതോടെ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിന് തിരിച്ചടി നേരിട്ടു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും ഓക്സിജനും വൈദ്യുതിയും മരുന്നും എത്തിച്ചു.
നവംബർ 15: ആദ്യ ഡ്രില്ലിങ് മെഷീൻ വേണ്ടത്ര ഫലപ്രദമല്ലാത്തതിനാൽ അമേരിക്കൻ നിർമിത ഡ്രില്ലിങ് മെഷീൻ ഡൽഹിയിൽനിന്ന് വ്യോമമാർഗം എത്തിച്ചു.
നവംബർ 16: പുതിയ ഡ്രില്ലിങ് യന്ത്രം കൂട്ടിയോജിപ്പിച്ച് അർധരാത്രിയോടെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.
നവംബർ 17: ഡ്രില്ലിങ് യന്ത്രം 24 മീറ്ററോളം മല തുരന്ന് ആറുമീറ്റർ നീളമുള്ള നാല് കുഴലുകൾ സ്ഥാപിച്ചു. എന്നാൽ, അഞ്ചാമത്തെ കുഴൽ സ്ഥാപിക്കുന്നതിന് തടസ്സം നേരിട്ടു. യന്ത്രത്തിന് തകരാറും സംഭവിച്ചു. ഇന്ദോറിൽനിന്ന് മറ്റൊരു ഡ്രില്ലിങ് യന്ത്രം കൂടി എത്തിച്ചു. എന്നാൽ, അഞ്ചാമത്തെ കുഴൽ സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ വലിയൊരു ശബ്ദം കേട്ടതിനെത്തുടർന്ന് രക്ഷാപ്രവർത്തനം നിർത്തി.
നവംബർ 18: ശക്തിയേറിയ ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ച് തുരക്കുമ്പോൾ കൂടുതൽ മണ്ണിടിയാനുള്ള സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചില്ല. മുകളിൽനിന്ന് താഴേക്ക് തുരങ്കമുണ്ടാക്കി തൊഴിലാളികൾക്ക് അടുത്തേക്ക് എത്തുന്നതുൾപ്പെടെയുള്ള മാർഗങ്ങളും ആലോചിക്കുന്നു.
നവംബർ 20: അന്താരാഷ്ട്ര തുരങ്ക നിർമാണ വിദഗ്ധൻ ആർനോൾഡ് ഡിക്സ് സ്ഥലത്തെത്തി.
നവംബർ 21: അവശിഷ്ടങ്ങൾക്കിടയിലൂടെ സ്ഥാപിച്ച ആറിഞ്ച് വ്യാസമുള്ള കുഴലിലൂടെ കടത്തിയ എൻഡോസ്കോപ്പിക് കാമറ വഴി തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറംലോകത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.