യു.യു. ലളിത് ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസ് ആയി ഉദയ് ഉമേഷ് ലളിത് എന്ന യു.യു. ലളിത് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചെല്ലി​ക്കൊടുത്തു. 74 ദിവസത്തിന് ശേഷം 2022 നവംബർ എട്ടിന് അദ്ദേഹം വിരമിക്കും.

പ്രമാദമായ നിരവധി കേസുകളിൽ ക്രിമിനൽ വക്കീലായിരുന്ന യു.യു. ലളിത് ബാറിൽ നിന്ന് സുപ്രീംകോടതി ബെഞ്ചിലേക്ക് നേരിട്ടെത്തുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ്.

ഡൽഹി ബാറിൽ നിന്ന് ഡൽഹി ഹൈകോടതി ജഡ്ജിയായി ഉയർത്തപ്പെട്ട ജസ്റ്റിസ് യു.ആർ. ലളിതിന്‍റെ മകനായി 1957ൽ മഹാരാഷ്ട്രയിലാണ് ജനനം. ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം 1983ൽ ബോംബെ ഹൈകോടതിയിൽ അഭിഭാഷകവൃത്തി തുടങ്ങി. 1986ൽ സുപ്രീംകോടതിയിലേക്കു വരികയും 2004ൽ മുതിർന്ന അഭിഭാഷക പദവി ലഭിക്കുകയും ചെയ്തു. 10 വർഷം കഴിഞ്ഞ് ജഡ്ജിയായി മാറി.

ബാബരി മസ്ജിദ് ധ്വംസനം, വ്യാജ ഏറ്റുമുട്ടൽ തുടങ്ങി പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗം ക്രിമിനൽ വക്കീലായിരുന്ന ലളിത്, നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം കൊളീജിയം നടത്തിയ ആദ്യ ജഡ്ജി നിയമന ശിപാർശയിലൂടെയാണ് 2014 ആഗസ്റ്റ് 13ന് സുപ്രീംകോടതി ജഡ്ജിയാകുന്നത്.

തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ബാബരി മസ്ജിദ് തകർത്ത കേസിൽ മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിങ്ങിന്‍റെയും അഭിഭാഷകനായിരുന്നു ലളിത്. ബാബരി ഭൂമി കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചിൽ ജസ്റ്റിസ് ലളിത് വാദം കേൾക്കാനിരുന്നപ്പോൾ സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് അദ്ദേഹം പിന്മാറി.

ആശാറാം ബാപ്പു കേസ് അടക്കം അഭിഭാഷകനായ കാരണത്താൽ ജസ്റ്റിസ് ലളിത് പിന്മാറിയ കേസുകൾ നിരവധിയാണ്. അഞ്ചിൽ മൂന്നു ജഡ്ജിമാരുടെ പിന്തുണയോടെ മുസ്ലിംകൾക്കിടയിലെ മുത്തലാഖ് നിരോധിച്ച ബെഞ്ചിൽ ലളിതുമുണ്ടായിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗം വസ്ത്രത്തിനുമേൽ സ്പർശിക്കുന്നത് ലൈംഗികാതിക്രമം അല്ല എന്ന മുംബൈ ഹൈകോടതി വിധി റദ്ദാക്കിയത് ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ചാണ്.

Tags:    
News Summary - U.U. Lalit took oath as Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.