ബംഗളൂരു: വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം പൂർത്തിയായെന്നും മൂന്നുമാസത്തിനകം ട്രാക്കിലിറക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഞായറാഴ്ച ബംഗളൂരുവിൽ എത്തിയ റെയിൽവേ മന്ത്രി, പൊതുമേഖല സ്ഥാപനമായ ബെമലിൽ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് കോച്ചുകളുടെ ആദ്യ മാതൃക അനാവരണം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മൂന്നു മാസത്തിനകം യാത്രക്കായി സജ്ജമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുഴുവൻ സൗകര്യങ്ങളോടു കൂടിയ സ്ലീപ്പർ കോച്ചുകളാണ് ഒരുക്കിയിട്ടുള്ളതെന്നും, ബെമൽ ഫാക്ടറിയിൽനിന്ന് ഏതാനും ദിവസത്തിനകം കോച്ചുകൾ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ചെയർകാർ, വന്ദേ സ്ലീപ്പർ എക്സ്പ്രസ്, വന്ദേ മെട്രോ, അമൃത് ഭാരത് എന്നിവ രാജ്യത്തെ ജനങ്ങളുടെ യാത്രയുടെ ഗതി നിർണയിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഏറെ കാലമെടുത്താണ് വന്ദേ സ്ലീപ്പർ കോച്ചുകളുടെ രൂപകൽപനയും നിർമാണവും പൂർത്തിയാക്കിയത്.
സുരക്ഷയുടെയും രൂപകൽപനയുടെയും കാര്യത്തിൽ നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലോക്കോ പൈലറ്റുമാരുടെയും സർവിസ് സ്റ്റാഫിന്റെയും സുരക്ഷയടക്കം ഒട്ടേറെ കാര്യങ്ങൾക്ക് പരിഗണന നൽകിയിട്ടുണ്ട്. മധ്യവർഗക്കാർക്കുകൂടി താങ്ങാൻ കഴിയുന്ന ടിക്കറ്റ് നിരക്കാവും ഈ ട്രെയിനുകളിൽ ഈടാക്കുക. മെയിന്റനൻസ് സ്റ്റാഫിനായി പ്രത്യേകം കാബിനും ഒരുക്കിയിട്ടുണ്ട്.
ലോകത്തെ മികച്ച ട്രെയിനുകളിലൊന്നായി വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസിനെ കണക്കാക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 400 വന്ദേഭാരത് സ്ലീപ്പർ കോച്ച് ട്രെയിനുകൾ നിർമിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ വർഷം മാർച്ചിലാണ് റെയിൽവേ മന്ത്രാലയം നടത്തിയത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള എൻജിനുകളുമായാണ് ഇവ നിർമിക്കുകയെന്നും റെയിൽവേ അറിയിച്ചിരുന്നു.
എൻജിൻ കാബിനിലടക്കം മന്ത്രി പരിശോധന നടത്തി. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു. ബെമൽ ഫാക്ടറിക്കകത്തെ ട്രാക്കിലൂടെ ട്രെയിൻ സഞ്ചരിച്ചു. ബെമലിൽ പുതിയ നിർമാണ യൂനിറ്റിന്റെ ശിലാസ്ഥാപനവും റെയിൽവേ മന്ത്രി നിർവഹിച്ചു. ഉച്ചക്കുശേഷം ബംഗളൂരുവിലെ റെയിൽവേ ട്രെയ്നിങ് സെന്റർ സന്ദർശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.