ഝാർഖണ്ഡ് എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്‍റിനിടെ 11 ഉദ്യോഗാർഥികൾക്ക് ദാരുണാന്ത്യം

റാഞ്ചി: ഝാർഖണ്ഡ് എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്‍റിന്‍റെ കായികക്ഷമത പരിശോധനക്കിടെ 11 ഉദ്യോഗാർഥികൾ കുഴഞ്ഞുവീണ് മരിച്ചു. 10 കിലോമീറ്റർ ദൂരം ഓട്ടമായിരുന്നു കായികക്ഷമത പരിശോധനയിലെ ഒരു ഇനം. കടുത്ത ചൂടിൽ ഇത്രയേറെ ദൂരം ഓടിയ ഉദ്യോഗാർഥികളിൽ പലരും കുഴഞ്ഞുവീണു. തുടർന്നാണ് 11 ഉദ്യോഗാർഥികൾ മരിച്ചത്.

100ലേറെ ഉദ്യോഗാർഥികളാണ് ഓട്ടത്തിനിടെ കുഴഞ്ഞുവീണത്. ചില ഉദ്യോഗാർഥികൾ ഉത്തേജക മരുന്നുകളോ എനർജി ഡ്രിങ്കുകളോ ഉപയോഗിച്ചതായി കരുതുന്നുവെന്നും അതാവാം ഓട്ടത്തിനിടെ ശ്വാസംമുട്ടലിനും ഹൃദയസ്തംഭനത്തിനും കാരണമായതെന്നുമാണ് ഡോക്ടർമാർ പറയുന്നത്. കടുത്ത ചൂടിൽ മണിക്കൂറുകളോളം വരിനിന്നതും ആരോഗ്യാവസ്ഥ മോശമാക്കി.

1,27,772 ഉദ്യോഗാർഥികളാണ് ആഗസ്റ്റ് 30 വരെ കായിക പരീക്ഷയിൽ പങ്കെടുത്തത്. ഇതിൽ 78,023 പേർ യോഗ്യത നേടി. സംസ്ഥാനത്ത് ഏഴ് കേന്ദ്രങ്ങളിലായാണ് പരീക്ഷ.

ഉദ്യോഗാർഥികളുടെ മരണത്തിന് പിന്നാലെ, പരീക്ഷ നടത്തിപ്പിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആരോഗ്യ സംവിധാനങ്ങളും ഒരുക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉത്തരവിട്ടു. മെഡിക്കൽ സംഘങ്ങളെയും ആംബുലൻസുകളെയും നിയോഗിക്കണം. മതിയായ കുടിവെള്ളം ഒരുക്കാനും നിർദേശിച്ചു.

അതേസമയം, ഉദ്യോഗാർഥികളുടെ മരണം സർക്കാറിന്‍റെ വീഴ്ചയുടെ ഫലമാണെന്ന് പ്രതിപക്ഷമായ ബി.ജെ.പി ആരോപിച്ചു. ഉദ്യോഗാർഥികൾ പരീക്ഷയുടെ തലേന്ന് മുതൽ വരിയിൽ നിൽക്കുകയാണ്. എന്നിട്ടാണ് പിറ്റേന്ന് കടുത്ത വെയിലിൽ ഓടേണ്ടിവരുന്നത്. മതിയായ ആരോഗ്യ സംവിധാനങ്ങൾ സ്ഥലത്ത് ഒരുക്കിയില്ലെന്നും ബി.ജെ.പി ആരോപിച്ചു. 

Tags:    
News Summary - 11 candidates die in Jharkhand Police recruitment drive as physical test turns deadly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.