ന്യൂഡൽഹി: ഇന്ത്യ ഇസ്രായേലിന് ആയുധം നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ജനതാദൾ-യു ദേശീയ വക്താവ് കെ.സി. ത്യാഗിക്ക് സ്ഥാനചലനം. ഇതടക്കം നിരവധി വിഷയങ്ങളിൽ മോദി സർക്കാറിനെ നിരന്തരം പ്രതിരോധത്തിലാക്കിയ കെ.സി. ത്യാഗി രാജിവെച്ചുവെന്നും പകരം രാജീവ് രഞ്ജൻ പ്രസാദിനെ വക്താവായി നിയമിച്ചുവെന്നും പാർട്ടി ജനറൽ സെക്രട്ടറി വാർത്തക്കുറിപ്പ് ഇറക്കി. അതേസമയം, ത്യാഗി പാർട്ടിയുടെ രാഷ്ട്രീയ ഉപദേശകനായി തുടരും.
മറ്റു ചില തിരക്കുകൾ കാരണം മുഴുസമയ ദേശീയ വക്താവായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് ത്യാഗി പാർട്ടി പ്രസിഡന്റും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനയച്ച രാജിക്കത്തിൽ വ്യക്തമാക്കി. അതേസമയം, നിതീഷ് കുമാറിനോടും പാർട്ടിയോടുമുള്ള കൂറ് വാർത്ത ഏജൻസിയോട് ത്യാഗി ആവർത്തിച്ചു. പാർട്ടിയുടെ രാഷ്ട്രീയ ഉപദേശകൻ എന്ന നിലയിൽ നിതീഷ്കുമാറിനോട് അർപ്പണബോധമുണ്ട്. താൻ നിരാശനോ അസ്വസ്ഥനോ അല്ല; സന്തോഷവാനാണ്. പാർട്ടിയിൽനിന്നല്ല, വക്താവിന്റെ സ്ഥാനത്തുനിന്നാണ് രാജി. ശനിയാഴ്ച രാജിക്കത്ത് കിട്ടിയപ്പോൾ നിതീഷ് കുമാർ വിളിച്ച് പാർട്ടി ഉപദേശക പദവിയിൽ തുടരാൻ ആവശ്യപ്പെട്ടുവെന്നും ത്യാഗി പറഞ്ഞു.
എന്നാൽ, എൻ.ഡി.എ ഘടകകക്ഷിയായ ശേഷം പ്രമാദമായ പല വിഷയങ്ങളിലും ത്യാഗി കൈക്കൊണ്ട നിലപാട് ബി.ജെ.പിക്ക് തലവേദനയായതിൽ പാർട്ടിയിൽനിന്നുതന്നെ എതിർപ്പുയർന്നിരുന്നു. വഖഫ് ഭേദഗതി ബില്ലിനെ പാർട്ടിയുടെ കാബിനറ്റ് മന്ത്രി ലലൻ സിങ് ലോക്സഭയിൽ ശക്തമായി പിന്തുണച്ചപ്പോൾ അതിന് വിരുദ്ധമായ നിലപാടാണ് ത്യാഗി കൈക്കൊണ്ടത്. ത്യാഗിയുടെ നിലപാടാണ് ജെ.ഡി.യു നിലപാടായി പിന്നീട് മാറിയത്. സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) യോഗത്തിൽ ബില്ലിൽ തങ്ങൾക്കുള്ള മൂന്ന് പ്രധാന എതിർപ്പുകൾ രേഖപ്പെടുത്തുകയും ചെയ്തു. ഗസ്സക്ക് മേൽ ഇസ്രായേൽ തുടരുന്ന ഏകപക്ഷീയമായ ആക്രമണങ്ങളിലും ഏകസിവിൽകോഡിലും അഗ്നിപഥിലും ത്യാഗി കേന്ദ്ര സർക്കാറിന്റെ നിലപാട് ചോദ്യംചെയ്ത് രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.