മുംബൈ: മനുഷ്യാവകാശ പ്രവർത്തകനും കവിയുമായ വരവര റാവുവിന്‍റെ ഇടക്കാല ജാമ്യം നീട്ടുന്നതിനുള്ള ഹരജിയിൽ വാദം കേൾക്കുന്നത് ബോംബെ ഹൈകോടതി സെപ്റ്റംബർ 24ലേക്ക് മാറ്റി. സെപ്റ്റംബർ 25വരെ തലോജ ജയിൽ അധികൃതർക്ക് മുമ്പാകെ കീഴടങ്ങേണ്ടതില്ലെന്നും കോടതി പറഞ്ഞു.
എൽഗാർ പരിഷത്ത്-മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റാവു പ്രതിയാക്കപ്പെട്ട കേസിൽ അന്വേഷണം നടത്തുന്ന എൻ.ഐ.എ മെഡിക്കൽ ജാമ്യം നീട്ടുന്നതിനും മുംബൈയിൽനിന്ന് ഹൈദരാബാദിലേക്ക് മാറുന്നതിനുമുള്ള റാവുവിെൻറ അപേക്ഷയെ എതിർത്തു. മെഡിക്കൽ റിപ്പോർട്ടുകളിൽ റാവുവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളതായി സൂചനയില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്.
ഈ വർഷം ഫെബ്രുവരി 22 ന് മെഡിക്കൽ കാരണങ്ങളാൽ ഇടക്കാല ജാമ്യം ലഭിച്ച 82കാരനായ റാവു സെപ്റ്റംബർ അഞ്ചിന് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരിച്ചെത്തണമന്ന് നിശ്ചയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച അഭിഭാഷകൻ ആർ. സത്യനാരായണ, മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ എന്നിവർ മുഖേന ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു.
ജാമ്യത്തിലിരിക്കെ സ്വന്തം നാടായ ഹൈദരാബാദിൽ താമസിക്കാൻ റാവു അനുമതി തേടി. മുംബൈയിൽ തങ്ങുന്നതും ഇവിടെയുള്ള ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കുന്നതും താങ്ങാനാവാത്തതാണെന്നും തിങ്കളാഴ്ച ഹൈകോടതിക്ക് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. റാവുവിന് ജാമ്യം നീട്ടിക്കൊടുക്കരുതെന്നും ഹൈദരാബാദിലേക്ക് മാറ്റാൻ അനുവദിക്കരുതെന്നും പറഞ്ഞ അന്വേഷണ ഏജൻസി അദ്ദേഹം ഗുരുതരമായ കുറ്റം ചെയ്തതായി ആരോപിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.