മുംബൈ: എൽഗാർ പരിഷദ് കേസിൽ അറസ്റ്റിലായി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന തെലുഗു കവി വരവര റാവുവിെൻറ ചികിത്സ ജനുവരി ഏഴുവരെ നീട്ടി ബോംബെ ഹൈകോടതി. ഹൈകോടതിയുടെ ഇടപെടലിനെ തുടർന്ന് ഒരു മാസം മുമ്പാണ് അദ്ദേഹത്തെ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയത്. ആൾക്ക് ജയിലിൽ ചികിത്സ നൽകുന്നത് യുക്തിയല്ലെന്ന് പറഞ്ഞായിരുന്നു ഉത്തരവ്.
തങ്ങളുടെ അനുമതിയില്ലാതെ ആശുപത്രിയിൽ നിന്ന് ജയിലേക്ക് മാറ്റരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. വരവര റാവുവിന് നിലവിൽ രക്തസമ്മർദത്തിൽ ഏറ്റകുറച്ചിൽ മാത്രമാണുള്ളതെന്നും അതിനാൽ നിരീക്ഷണത്തിനായി ജയിലിലെ ആശുപത്രിയിലേക്കോ സർക്കാർ മെഡിക്കൽ കോളജായ ജെ.ജെ ആശുപത്രിയിലേക്കോ മാറ്റണമെന്ന് സർക്കാർ, എൻ.ഐ.എ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ, പുതിയ മെഡിക്കൽ റിപ്പോർട്ട് കാണാതെ തീരുമാനിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, എം.എസ്. കാർണിക് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ജനുവരി ഏഴിന് മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട കോടതി തുടർ വാദംകേൾക്കൽ അന്നത്തേക്ക് മാറ്റി. ആശുപത്രിയിലെ ചികിത്സ തൃപ്തികരമാണെന്നും നില മെച്ചപ്പെട്ടതായും മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ മുഖേന റാവുവിെൻറ മകൾ കോടതിയെ അറിയിച്ചു.
രക്തസമ്മർദത്തിെൻറ തോതിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നതിനാൽ ആശുപത്രിയിൽ നിരീക്ഷണത്തിലായ റാവുവിനെ ജനത്തിരക്കുള്ള ജയിൽ ആശുപത്രിയിലേക്കോ മെഡിക്കൽ കോളജിലേക്കോ മാറ്റരുതെന്നും കോടതിയിൽ ആവശ്യപ്പെട്ടു. റാവുവിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹേമലത നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.