പിലിബിത്: പിലിബിത്തിൽ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ച സിറ്റിങ് എം.പി പാർട്ടിയോട് ഉടക്കാനില്ല. പിലിബിത്തിൽനിന്ന് ബി.ജെ.പിക്കെതിരെ മത്സരിക്കില്ലെന്ന് വരുൺ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ഒരു വിവേചനവുമില്ലാതെ നിയോജക മണ്ഡലത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനുംവേണ്ടി ആത്മാർഥമായി പ്രവർത്തിച്ചിട്ടും ടിക്കറ്റ് നിഷേധിച്ചത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.പിയിലെ പൊതുമരാമത്ത് മന്ത്രി ജിതിൻ പ്രസാദയാണ് പിലിബിത്തിലെ ബി.ജെ.പി സ്ഥാനാർഥി.
2004ൽ ഷാജഹാൻപുരിൽനിന്നും 2009ൽ ദൗരാഹരയിൽനിന്നും കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ച നേതാവാണ് ജിതിൻ. 2009ലെ രണ്ടാം യു.പി.എ സർക്കാറിൽ മന്ത്രിയുമായിരുന്നു. വരുണിനെ അമേത്തിയിൽ സമാജ്‍വാദി പാർട്ടി സ്ഥാനാർഥിയായി മത്സരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അധിർ രഞ്ജൻ ചൗധരി കോൺഗ്രസിലേക്കു ക്ഷണിക്കുകയും ചെയ്തു. എന്നാൽ, വരുണിന്റെ ഇളയച്ഛന്റെ മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കക്കും ഇദ്ദേഹത്തിന്റെ ‘ഘർ വാപസി’യിൽ താൽപര്യമുണ്ടായിരുന്നില്ല. മുൻകാലങ്ങളിൽ വിഷംതുപ്പുന്ന വർഗീയ പ്രസംഗങ്ങൾ നടത്തിയ നേതാവാണെന്നതുതന്നെയായിരുന്നു പ്രധാന കാരണം.
കേന്ദ്ര, സംസ്ഥാന സർക്കാറുകളെ വിമർശിച്ചതാണ് വരുണിനോട് ബി.ജെ.പിക്ക് നീരസമുണ്ടാകാൻ പ്രധാന കാരണം. 2021ലെ ലഖിൻപുർ സംഭവത്തിലും രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നതിലും വരുൺ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. തന്റെ പിതാവിന്റെ പേരിലുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ഒരു രോഗി മരിച്ചതിന്റെ പേരിൽ യോഗി ആദിത്യനാഥ് സർക്കാർ ആശുപത്രിയുടെ പ്രവർത്തനം സസ്പെൻഡ് ചെയ്തതിലും വരുൺ എതിർപ്പുന്നയിച്ചിരുന്നു. അടുത്തകാലത്തായി ബി.ജെ.പിയുടെ പരിപാടികളിലും ഇദ്ദേഹം സജീവമായിരുന്നില്ല.
1989ൽ ജനതാദൾ സ്ഥാനാർഥിയായി വരുണിന്റെ മാതാവ് മേനക ഗാന്ധി പിലിബിത്തിൽ ജയിച്ചിരുന്നു. 1991ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 1996ൽ മണ്ഡലം തിരിച്ചുപിടിച്ചു. 1996, 1998, 1999, 2004 എന്നീ വർഷങ്ങളിൽ മേനക വിജയം തുടർന്നു. 98ലും 99ലും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാണ് ജയിച്ചത്. 2004ലാണ് മേനക ബി.ജെ.പി ടിക്കറ്റിൽ ആദ്യമായി ജയിച്ചത്. 2009ൽ വരുൺ ഗാന്ധിക്ക് പിലിബിത്ത് കൈമാറി. സുൽത്താൻപുരിൽനിന്ന് ആ വർഷം ജയിച്ച മേനക 2014ൽ പിലിബിത്തിലേക്കു മടങ്ങി. കഴിഞ്ഞ തവണ വരുൺ വീണ്ടും പിലിബിത്തിലേക്കു വന്നപ്പോൾ മേനക സുൽത്താൻപുരിലേക്കു മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.